സോളാപൂര്‍ (മഹാരാഷ്‌ട്ര) : ദിവസവും സവാളയ്‌ക്ക് വില കുറയുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് മഹാരാഷ്‌ട്രയിലെ ഉള്ളി കര്‍ഷകര്‍. ഫെബ്രുവരി 13ന് പത്ത് ചാക്ക് ഉള്ളി വിറ്റ കര്‍ഷകന് വെറും രണ്ടുരൂപയാണ് ലഭിച്ചത്. രസകരമായ കാര്യം അതൊന്നുമല്ല, ഈ രണ്ടുരൂപ ഇയാള്‍ക്ക് ലഭിച്ചതാകട്ടെ ചെക്ക് ആയിട്ടും. ഇനി ചെക്ക് മാറാന്‍ ബാങ്കില്‍ പോകണമെങ്കില്‍ അദ്ദേഹം രണ്ട് രൂപയുടെ എത്ര മടങ്ങ് ചെലവാക്കണമെന്നത് കൂടി ഓര്‍ക്കണം.
യഥാര്‍ഥത്തില്‍ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥ. അതാണിപ്പോള്‍ രാജേന്ദ്ര തുകാറാം ചവാന്‍ എന്ന കര്‍ഷകന്‍റേത്. 500 കിലോഗ്രാം സവാള രാജേന്ദ്ര സോളാപൂര്‍ ചന്തയിലെ മൊത്ത കച്ചവടക്കാരായ സൂര്യ ട്രെയ്‌ഡേഴ്‌സിന് വിറ്റു. 512 രൂപയാണ് മൊത്തക്കച്ചവടക്കാരന്‍ രാജേന്ദ്രയോട് പറഞ്ഞത്. 500 കിലോ സവാളയ്‌ക്ക് 512 രൂപ എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടായി തോന്നും. വളരെ തുച്ഛമാണെന്ന് അറിയാമായിരുന്നിട്ടും 512 രൂപ കിട്ടുമെന്ന് കേട്ടപ്പോള്‍ രാജേന്ദ്രയ്‌ക്ക് തെല്ലൊരു ആശ്വാസമായി.
എന്നാല്‍ പിന്നീട് സൂര്യ ട്രെയ്‌ഡേഴ്‌സ് ഉടമ നാസര്‍ ഖലീഫ നീണ്ടൊരു ലിസ്റ്റ് രാജേന്ദ്രയ്ക്ക് മുന്നില്‍ വച്ചു. ഗതാഗതം, വൈദ്യുതി, തറവാടക, ടോള്‍ അങ്ങനെ നീളുന്നു ലിസ്റ്റ്. ഓരോന്നിനും ചെലവായ തുകയും അവയ്‌ക്ക് നേരെ രേഖപ്പെടുത്തിയിരുന്നു. കൂട്ടിയും കിഴിച്ചും വന്നപ്പോള്‍ ബാക്കിയായത് വെറും രണ്ട് രൂപമാത്രം.
ഈ രണ്ട് രൂപയാണ് കര്‍ഷകനായ രാജേന്ദ്രയ്ക്കുള്ളത്. തനിക്ക് കിട്ടേണ്ട തുക കേട്ട് തളര്‍ന്നിരിക്കുന്ന രാജേന്ദ്രയുടെ കൈകളിലേക്കാണ് നാസര്‍ ഖലീഫ രണ്ടുരൂപയുടെ ചെക്ക് വച്ചുകൊടുക്കുന്നത്. ചെക്ക് കണ്ട രാജേന്ദ്ര എന്തുചെയ്യണം എന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഉണ്ടായത്. ചെക്ക് വാങ്ങാതെ മടങ്ങിയാല്‍ തന്‍റെ അധ്വാനത്തിന്‍റെ ഫലമായ ആ രണ്ടുരൂപയും അയാള്‍ക്ക് നഷ്‌ടമാകും. അല്‍പം വിഷമത്തോടെയാണെങ്കിലും രാജേന്ദ്ര ചെക്ക് കൈപ്പറ്റി.
വിഷയത്തില്‍ വിമര്‍ശനവുമായി സ്വാഭിമാനി ഷെച്ചരി എന്ന സംഘടനയുടെ പ്രസിഡന്‍റ് രാജു ഷെട്ടി രംഗത്ത് വന്നു. കര്‍ഷകന്‍റെ അധ്വാനം വില കുറച്ച് കണ്ടതും അദ്ദേഹത്തിന് തുച്ഛമായ പണം നല്‍കിയതും ലജ്ജാകരമാണെന്ന് രാജു ഷെട്ടി പറഞ്ഞു. കര്‍ഷകര്‍ ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ ജീവിക്കും എന്നതിനെ കുറിച്ച് രാഷ്‌ട്രീയക്കാര്‍ ചര്‍ച്ച ചെയ്യണമെന്നും രാജു ഷെട്ടി ആവശ്യപ്പെട്ടു.