ചിറ്റൂർ : തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ വിപണികളിൽ വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ ഒരുവശത്ത് അമിതവില കാരണം സാധാരണക്കാരുടെ കീശ കീറുമ്പോൾ മറുവശത്ത് അപ്രതീക്ഷിത വിലയിൽ ചില തക്കാളി കർഷകരുടെ പോക്കറ്റുകള്‍ നിറയുകയാണ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഒരു കർഷക കുടുംബം ഒരു മാസം കൊണ്ട് നേടിയത് മൂന്ന് കോടി രൂപയാണ്.
സോമല മണ്ഡലത്തിലെ കരകമണ്ട ഗ്രാമത്തിലെ താമസക്കാരായ പി. ചന്ദ്രമൗലിയും ഇളയ സഹോദരൻ മുരളിയും അമ്മ രാജമ്മയും അപ്രതീക്ഷ ലാഭമാണ് നേടിയത്. വർഷങ്ങളായി തക്കാളി കൃഷി ചെയ്യുന്നവരാണ് ഈ കുടുംബം. കരകമണ്ടയിൽ 12 ഏക്കർ കൃഷിയിടവും പുളിച്ചേർള മണ്ഡലത്തിലെ സുവ്വാരപ്പുവാരിപള്ളയിൽ 20 ഏക്കർ കൃഷിയിടവുമുണ്ട്. വേനലിന് ശേഷം വിളവിറക്കുന്നവയ്‌ക്ക് വിപണിയിൽ മികച്ച വില ലഭിക്കുമെന്ന് മനസിലാക്കിയ കുടുംബം കഴിഞ്ഞ വർഷം മുതല്‍ ജൂൺ, ജൂലൈ മാസങ്ങളിൽ വിളവെടുക്കാൻ പാകത്തിലാണ് തക്കാളി കൃഷി ചെയ്യുന്നത്.
ആധുനിക കൃഷിരീതികൾ, പുതിയ സാങ്കേതിക വിദ്യകൾ, വിപണന തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം അറിവുകള്‍ പുതുക്കിയാണ് ചന്ദ്രമൗലി കൃഷിയിറക്കുന്നത്. അതിന്‍റെ ഭാഗമായി വേനൽ കഴിഞ്ഞ് വരുന്ന തക്കാളിക്ക് നല്ല വില ലഭിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. ഏപ്രിലിൽ നട്ട് ജൂൺ മാസത്തോടെ വിളവെടുക്കാൻ ശ്രദ്ധിച്ചു. ഈ ആശയമാണ് ഇവർക്ക് വലിയ ലാഭം നേടിക്കൊടുത്തത്.
കഴിഞ്ഞ ഏപ്രിൽ ഏഴിന് 22 ഏക്കറിൽ സഹൂ ഇനത്തിൽപ്പെട്ട തക്കാളി ചെടികളാണ് നട്ടുപിടിപ്പിച്ചത്. പുതയിടൽ, സൂക്ഷ്മ ജലസേചനം എന്നീ രീതികളാണ് പിന്തുടരുന്നത്. ജൂൺ അവസാനത്തോടെയാണ് വിളവെടുപ്പ് ആരംഭിച്ചത്. ചിറ്റൂർ ജില്ലയോട് അതിർത്തി പങ്കിടുന്ന കർണാടകയിലെ കോലാർ മാർക്കറ്റിലാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്.