ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാരിനെതിരെ പഞ്ചാബിലെ കര്‍ഷകര്‍ നടത്തുന്ന സമത്തില്‍ രണ്ടാം ഘട്ട ചര്‍ച്ചക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പുതിയ കാര്‍ഷിക നയങ്ങള്‍ സംബന്ധിച്ച് കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ഡിസംബര്‍ മൂന്നിന് നടക്കും. ഇതിന്‍റെ ഭാഗമായി പഞ്ചാബിലെ കര്‍ഷകരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. നിയമത്തിനെതിരെ പഞ്ചാബിലെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധം കഴിഞ്ഞ ദിവസം ഉപാധികളോടെ അവസാനിപ്പിച്ചിരുന്നു.
കര്‍ഷകര്‍ക്ക് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കുമെന്ന ഉറപ്പിലാണ് കര്‍ഷകര്‍ സമരം താത്കാലികമായി അവസാനിപ്പിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ഷകരെ ഡിസംബര്‍ മൂന്നിന് കാണാമെന്ന് കേന്ദ്രമന്ത്രിമാരുടെ സംഘം അറിയിച്ചത്. സമരത്തിന്‍റെ ഭാഗമായി തടഞ്ഞു വച്ച ട്രെയിനുകളില്‍ ചരക്ക് വണ്ടികള്‍ക്ക് മാത്രമാണ് സമരാനുകൂലികള്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയത്.
ഡിസംബർ മൂന്നിന് രാവിലെ 11 മണിക്ക് നടക്കുന്ന രണ്ടാം ഘട്ട ചർച്ചയ്ക്ക് 30 ഓളം കർഷക സംഘടനകളുടെ പ്രതിനിധികളെ വിളിച്ചിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷകര്‍ക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. പഞ്ചാബ് സർക്കാരിന്‍റെ ഭക്ഷ്യ-കാർഷിക വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് ചർച്ച നവംബർ 13 നാണ് നടന്നതെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നില്ല. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും പകരം മറ്റൊരു നിയമനിർമാണം നടത്തണമെന്നമാണ് പഞ്ചാബിലെ കർഷകരുടെ ആവശ്യം. താങ്ങുവില നിശ്ചയിക്കുന്ന കാര്യത്തിലടക്കം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങളില്‍ വ്യക്തത വരുത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം എന്ന പുതിയ സംവിധാനം നിലവില്‍ വന്നിട്ടില്ലെന്ന് ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡേ അറിയിച്ചു. പ്രധാനമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എംഎസ്‌പി തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി പോലും പാർലമെന്‍റില്‍ പറഞ്ഞിട്ടുണ്ട്. പ്രശ്നത്തെക്കുറിച്ച് സര്‍ക്കാര്‍ കർഷക യൂണിയനുകളുമായി വിശദമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡിസംബർ മൂന്നിലെ യോഗത്തിൽ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കര്‍ഷക സെക്രട്ടറി പറഞ്ഞു.