ന്യൂയോര്‍ക്ക്: യുഎസ്-കാനഡ അതിര്‍ത്തിയില്‍ പിഞ്ച് കുഞ്ഞടക്കം നാല് ഇന്ത്യക്കാര്‍ തണുത്ത് മരിച്ചു. ഗുജറാത്തില്‍ നിന്നുളള കുടുംബമാണിവരെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ദുരന്തമുണ്ടായത്. രണ്ട് മുതിര്‍ന്നവരും ഒരു കൗമാരക്കാരനും പിഞ്ചുകുഞ്ഞുമുള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന് മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു.
മരിച്ച നാല് പേരുടെ പൗരത്വം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംഘം അപകട സ്ഥലത്തേക്ക് പോകുമെന്നും സംഭവത്തില്‍ കനേഡിയന്‍ അധികൃതരുമായി ചേര്‍ന്ന് അന്വേഷണം നടത്തുമെന്നും ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ പറഞ്ഞു.