ലുധിയാന (പഞ്ചാബ്): പഞ്ചാബിലെ ലുധിയാനയില്‍ കുടിലിന് തീ പിടിച്ച് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തു മരിച്ചു. ബുധനാഴ്‌ച രാവിലെ ടിബ്ബ റോഡിലെ മക്കാര്‍ കോളനിയിലാണ് ദാരുണ സംഭവം. സംഭവ സമയത്ത് വീട്ടിലില്ലാതിരുന്ന ഒരു കുടുംബാംഗം രക്ഷപ്പെട്ടു.
ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണ് ഇവരെന്ന് ലുധിയാന ഈസ്റ്റ് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ സുരീന്ദർ സിങ് പറഞ്ഞു. സുരേഷ് സാഹ്നി (55), ഭാര്യ അരുണാദേവി (52), മക്കൾ രാഖി (15), മനീഷ (10), ഗീത (8), ചന്ദ (5), സണ്ണി (2) എന്നിവരാണ് ഉറങ്ങിക്കിടക്കുന്നതിനിടെ മരിച്ചത്. സമീപത്തെ മുന്‍സിപ്പാലിറ്റി മാലിന്യ കൂമ്പാരത്തില്‍ നിന്നുള്ള തീ പടര്‍ന്ന് പിടിച്ചതാകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.