ഋഷികേശ് : ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ കെട്ടിടം തകർന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ അകപ്പെട്ട അഞ്ച് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയത്. പൗരി ജില്ലയിലെ യാമകേശ്വറിൽ തിങ്കളാഴ്‌ച രാത്രിയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
'നൈറ്റ് ഇൻ പാരഡൈസ്' റിസോർട്ടാണ് മണ്ണിടിച്ചിലിൽ നിലം പൊത്തിയത്. കമൽ വർമ (36), നിഷ വർമ (32), വിശാൽ (24), നിശാന്ത് വർമ (18), നിർമിത് വർമ എന്നിവരുടെ മൃതശരീരങ്ങളാണ് എസ്‌ഡിആർഎഫ് (State Disaster Response Force) സംഘം രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്. ഇതിൽ കമൽ, നിഷ, വിശാൽ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെയും (15.8.2023) നിശാന്ത്, നിർമിത് എന്നിവരുടെ മൃതദേഹങ്ങൾ ഇന്നുമാണ് കണ്ടെത്തിയത്.
ആറ് പേരായിരുന്നു അപടകടത്തിൽപ്പെട്ടിരുന്നത്. ഇതിൽ തിങ്കളാഴ്‌ച തന്നെ 10 വയസുകാരിയായ കൃതിക വർമയെ എസ് ഡി ആർ എഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. ഓഗസ്‌റ്റ് 13, 14 തിയതികളിൽ ഉത്തരാഖണ്ഡിൽ പെയ്‌ത പേമാരി ഋഷികേശിൽ കനത്ത നാശമാണ് വിതച്ചത്.
അതേസമയം, ചമോലി ജില്ലയിലെ ജോഷിമഠിന് സമീപം വീട് തകർന്ന് ഒരാൾ മരിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ വൈകീട്ട് ബദരീനാഥ് ഹൈവേയിലെ ഹെലാംഗ് ഗ്രാമത്തിൽ അളകനന്ദ നദിയുടെ തീരത്തുള്ള ഇരുനില വീടാണ് തകർന്നത്. നാല് പേർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് എസ്‌ഡിആർഎഫ് സംഘം സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു. ഒരാൾ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു.