ജലന്ധര്‍: ഭര്‍ത്താവിന്‍റെ മര്‍ദനം സഹിക്കാനാവാതെ വീടുവിട്ട യുവതിയേയും കുടുംബത്തെയും തീയിട്ട് കൊലപ്പെടുത്തിയ നിലയില്‍. പഞ്ചാബ് ജലന്ധറിലെ മദ്ദേപുരില്‍ തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 17) രാത്രിയാണ് സംഭവം. പരംജിത് കൗര്‍ സ്‌മിത്തെന്ന യുവതി, പിതാവ് സുർജൻ സിങ്, മാതാവ് ജോഗിന്ദ്ര ദേവി, മക്കളായ ഗുൽമോഹർ, അർഷ്‌ദീപ് എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവായ ഖുർസൈദ്‌പുര സ്വദേശിയായ കഹ്‌ലോണും സുഹൃത്തുക്കളുമെന്നാണ് വിവരം.
ആദ്യ വിവാഹത്തിലെ മക്കളെ യുവതി ഉപേക്ഷിച്ചില്ല, ഭര്‍ത്താവ് കുടുംബത്തിലെ 5 പേരെ തീയിട്ടുകൊന്നു - ജലന്ധർ റൂറൽ എസ്‌പി സരബ്‌ജിത് സിങ് ബഹയിയ
പഞ്ചാബിലെ ജലന്ധറില്‍ യുവതിയെ ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന കുടുംബത്തെ തീയിട്ടുകൊന്ന പ്രതി കഹ്‌ലോണിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
സംഭവത്തെക്കുറിച്ച് പൊലീസ്:ഭർത്താവിന്‍റെ മരണശേഷമാണ് രണ്ട് കുട്ടികളുള്ള പരംജിത് കൗറെന്ന 28കാരി പുനര്‍വിവാഹം കഴിച്ചത്. കുറച്ചുകാലം ഭർത്താവിനൊപ്പം താമസിച്ചുവെങ്കിലും ഇയാള്‍ യുവതിയേയും കുട്ടികളെയും തുടർച്ചയായി മർദിച്ചിരുന്നു. മക്കളെ ഉപേക്ഷിക്കണമെന്ന് പറഞ്ഞായിരുന്നു വഴക്ക്. എന്നാല്‍, യുവതി ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് മര്‍ദനം രൂക്ഷമായി. തുടര്‍ന്ന്, പരംജിത്ത് കൗർ മക്കളെയും കൂട്ടി സ്വന്തം വീട്ടിലെത്തി.
കുട്ടികളെ ഒപ്പം കൂട്ടാതെ തന്‍റെ വീട്ടിലേക്ക് ചെല്ലാന്‍ പ്രതി നിര്‍ബന്ധിച്ചെങ്കിലും ഇതിന് യുവതി തയ്യാറായില്ല. പ്രകോപിതനായ ഭര്‍ത്താവ് കൂട്ടുകാരുമായെത്തി വീട് പറത്തുനിന്നും പൂട്ടി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി ജലന്ധർ റൂറൽ എസ്‌പി സരബ്‌ജിത് സിങ് ബഹയിയ പറഞ്ഞു.