ബെംഗളൂരു: ഭക്‌തിയുടെ മറവിൽ യുവതിയെ വർഷങ്ങളായി പീഡിപ്പിച്ച വ്യാജ സ്വാമിയും ഭാര്യയും പിടിയിൽ. യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആനന്ദമൂർത്തി, ഭാര്യ ലത എന്നിവരെയാണ് ബലാത്സംഗം, വധഭീഷണി, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തത്. കർണാടകയിലെ ആവളഹള്ളിയിലാണ് സംഭവം.
ആറ് വർഷങ്ങൾക്ക് മുൻപ് ഒരു സുഹൃത്തിന്‍റെ വീട്ടിൽ വച്ചാണ് യുവതി ആനന്ദമൂർത്തിയെ പരിചയപ്പെടുന്നത്. ജീവിതത്തിൽ വലിയ ആപത്ത് വരാൻ പോവുകയാണെന്നും അത് കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇയാൾ യുവതിയെ പറഞ്ഞ് ഭീഷണിപ്പെടുത്തി. കാളി ദേവിയെ പൂജിച്ചാൽ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും അതിനായി വീട്ടിലേക്ക് വരാനും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു.
ഇത് വിശ്വസിച്ച യുവതി ഇയാളുടെ വീട്ടിലേക്ക് പോയി. പൂജയുടെ ഭാഗമാണെന്ന വ്യാജേന ഇയാൾ യുവതിയെ ലഹരി പാനീയം നൽകി ബോധരഹിതയാക്കി. ബോധം തെളിഞ്ഞപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം യുവതി അറിയുന്നത്. ആനന്ദമൂർത്തി ബലാത്സംഗം ചെയ്യുമ്പോൾ ഭാര്യ ലത അത് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.