ബെംഗളൂരു :ആർബിഐയിലേക്ക് എത്തിയ പണത്തിൽ 3000 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 100 രൂപയുടെ 30 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ നൃപതുംഗ റോഡിലെ ആർബിഐ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹലാസുർ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ നാല് പ്രത്യേക എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തു.
മെയ് 2 മുതൽ മെയ് 31 വരെ ആർബിഐയുടെ കറൻസി ചെസ്റ്റിൽ എത്തിയ പണത്തിലാണ് വ്യാജ നോട്ടുകള്‍ കണ്ടെത്തിയത്. മണിപ്പാലിലെ കാനറ ബാങ്കിൽ നിന്ന് പതിനഞ്ചും, മല്ലേശ്വരത്തെ ബാങ്ക് ഓഫ് ബറോഡ ശാഖയിൽ നിന്ന് അഞ്ചും, ഹൂബ്ലിയിലെ മഡിമന കോംപ്ലക്‌സ് ശാഖയിൽ നിന്ന് അഞ്ചും, ഉടുപ്പിയിലെ രാജാജിമാർഗ യുബിഐ ശാഖയിൽ നിന്ന് അഞ്ചും വീതം 100 രൂപയുടെ വ്യാജ നോട്ടുകളാണ് കണ്ടെത്തിയതെന്ന് പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.
കഴിഞ്ഞ മാസവും സമാനമായ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടായിരുന്നു. നിലവിൽ, ഐപിസി സെക്‌ഷൻ 489എ (വ്യാജ നോട്ടുകളുടെ നിർമാണം), 489ഡി (വ്യാജ നോട്ടുകൾ ബാങ്ക് നോട്ടുകളായി ഉപയോഗിക്കുക), 89സി (വ്യാജ നോട്ടുകൾ കൈവശം വയ്‌ക്കൽ), 489ഡി (വ്യാജ നോട്ടുകൾ നിർമിക്കുന്നതിനുള്ള ഉപകരണങ്ങൾ കൈവശം വയ്‌ക്കുക), 489ഇ എന്നീ വകുപ്പുകൾ പ്രകാരമാണ് ഹലാസുർ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
എന്താണ് കറൻസി ചെസ്റ്റ് : രാജ്യത്തുടനീളം കറൻസി നോട്ടുകൾ എത്തിക്കുക എന്നതാണ് ആർബിഐയുടെ പ്രാഥമിക പ്രവർത്തനം. അങ്ങനെ രാജ്യത്തുടനീളമുള്ള ബാങ്ക് നോട്ടുകളുടെ വിതരണം സുഗമമാക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് കറൻസി ചെസ്റ്റ്.