ഹാസൻ (കർണാടക):കൃഷിയിടത്തില്‍ മറഞ്ഞിരിക്കുന്ന നിധി പുറത്തെടുക്കാന്‍ സഹായിക്കാം എന്നു പറഞ്ഞ് ദമ്പതികളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് വ്യാജ സിദ്ധന്‍. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. അരകലഗുഡു ദൊഡ്‌മാഗെ സ്വദേശികളായ മഞ്ചഗൗഡയുടെയും ലീലാവതിയുടെയും പരാതിയില്‍ വ്യാജ സിദ്ധന്‍ ദൊഡഹള്ളി സ്വദേശി സ്വാമിജി മഞ്ജുനാഥിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
കൃഷിയിടത്തില്‍ നിധി ഉണ്ടെന്നും തന്‍റെ ദൈവിക ശക്തി ഉപയോഗിച്ച് നിധി പുറത്തെടുക്കാന്‍ സഹായിക്കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. നിധി കണ്ടെത്താന്‍ ചില പൂജകള്‍ നടത്തണമെന്നും അതിനായി ഇരുവരും തോട്ടത്തിലേക്ക് വരണമെന്നും സിദ്ധന്‍ ദമ്പതികളെ അറിയിച്ചു. പൂജകള്‍ക്ക് ശേഷം സിദ്ധന്‍ പറമ്പില്‍ മുന്‍കൂട്ടി കുഴിച്ചിട്ട സ്വര്‍ണം പൂശിയ 3 കിലോ ഭാരമുള്ള വെള്ളി വിഗ്രഹം പുറത്തെടുത്തു.