ഹൈദരാബാദ്:അഴിമതി വിരുദ്ധ ബ്യൂറോ (Anti Corruption Bureau - ACB) ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പണം തട്ടിയെടുത്ത് ആഢംബര ജീവിതം നയിച്ച 28-കാരന്‍ പിടിയില്‍. അനന്തപൂര്‍ (Anantapur) സ്വദേശി നുതേതി ജയകൃഷ്‌ണയെയാണ് തെലങ്കാന പൊലീസ് പിടികൂടിയത്. പ്രതിയുടെ പക്കല്‍ നിന്നും 85,000 രൂപയും അഞ്ച് സിം കാര്‍ഡുകളും എട്ട് കാരവാനുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ ബാങ്ക് അക്കൗണ്ടിലെ 2.24 ലക്ഷം രൂപയും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
തട്ടിപ്പിനെ കുറിച്ച് പൊലീസ് പറയുന്നത്:ടെലഫോണ്‍ ഡയറക്‌ടറിയിലൂടെയും സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്നുമാണ് പ്രതി ഉദ്യോഗസ്ഥരുടെ നമ്പര്‍ ശേഖരിക്കുന്നത്. തുടര്‍ന്ന്, എസിബി ഹെഡ് ഓഫിസില്‍ നിന്നാണെന്ന് പറഞ്ഞ് ഇയാള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടും. അഴിമതി നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്, റെയ്‌ഡ് നടപടി നേരിടേണ്ടി വരും എന്ന് സൂചിപ്പിച്ചുകൊണ്ടാണ് പ്രതി ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ തങ്ങളുടെ മുതിര്‍ന്ന ഓഫിസറോടും സംസാരിക്കാമെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറയുന്നു. ഇതിനിടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇയാള്‍ പണവും ആവശ്യപ്പെടുന്നുണ്ട്. ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള സംവിധാനങ്ങളിലൂടെയാണ് പ്രതി ഉദ്യോഗസ്ഥരില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത്. റെയ്‌ഡ് ഭയപ്പെടുന്നവരാണ് കൂടുതലായും ഇയാളുടെ തട്ടിപ്പിന് ഇരയായത്.
ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ രണ്ട് സംസ്ഥാനങ്ങളിലായി ഇതുവരെ 200 പേരാണ് തട്ടിപ്പിനിരയായതെന്നാണ് നിഗമനം. ബെംഗളൂരു നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന എസി ബസുകളില്‍ യാത്ര ചെയ്‌താണ് പ്രതി ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. ലോക്കേഷന്‍ മനസിലാക്കാതിരിക്കാന്‍ വേണ്ട കാര്യങ്ങളും ഇയാള്‍ ചെയ്‌തിരുന്നതായി ഷംഷാബാദ് ഡിസിപി നാരായണ റെഡ്ഡി പറഞ്ഞു.