കേരളം

kerala

ETV Bharat / bharat

രത്‌നവേലിനെ ചൊല്ലി 'പരിധി'വിടുന്ന ചര്‍ച്ചകള്‍ ; ഫേസ്ബുക്കിലെ കവര്‍ നീക്കി ഫഹദ് ഫാസില്‍

മാമന്നനിലെ നായക കഥാപാത്രത്തേക്കാള്‍ പ്രശംസ ലഭിക്കുന്നത് പ്രതിനായകനായ രത്‌നവേലിനാണ്. അതേസമയം രത്‌നവേല്‍ എന്ന കഥാപാത്രം ആഘോഷിക്കപ്പെടേണ്ടതില്ല എന്ന വിമര്‍ശനവും ഉയരുന്നു

Fahad fasil  Fahadh Faasil Maamannan movie character  Fahadh Faasil  Maamannan movie  Maamannan  മാമന്നനിലെ രത്‌നവേല്‍  ഫഹദ് ഫാസില്‍  രത്‌നവേല്‍ എന്ന കഥാപാത്രം  രത്‌നവേല്‍  മാരി സെല്‍വരാജ്  വടിവേലു  ഉദയനിധി സ്റ്റാലിന്‍
Fahadh Faasil Maamannan movie character

By

Published : Aug 2, 2023, 9:29 AM IST

Updated : Aug 2, 2023, 9:40 AM IST

പ്രശംസയും കൈയടിയും നേടുമ്പോഴും ഫഹദ് ഫാസില്‍ മാമന്നനില്‍ അവതരിപ്പിച്ച രത്നവേല്‍ എന്ന കഥാപാത്രത്തെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും. ഒരു വിഭാഗം പ്രേക്ഷകര്‍, ഫഹദിന്‍റെ വില്ലന്‍ പ്രകടനത്തെ വാഴ്‌ത്തി രംഗത്തുവന്നിരുന്നു. ഇതോടെ ഫഹദ് ഫാസില്‍ ഫേസ്ബുക്കില്‍ രത്നവേല്‍ ഭാവങ്ങള്‍ കൊളാഷാക്കി കവര്‍ പോസ്റ്റ് ചെയ്‌തു. എന്നാല്‍ ഒരു വിഭാഗം, ചിത്രത്തില്‍ സവര്‍ണ മാടമ്പിയായെത്തുന്ന രത്നവേല്‍ എന്ന കഥാപാത്രത്തെ വാഴ്‌ത്തേണ്ടതില്ലെന്ന നിലപാടുമായെത്തി.

രത്നവേലിനെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത് സവര്‍ണ മനോഭാവത്തിന്‍റെ പ്രകടനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഫഹദിന്‍റെ സംഭാഷണങ്ങള്‍ വച്ച് ജാതി അധിക്ഷേപ പ്രചരണങ്ങള്‍ കൂടി സമൂഹ മാധ്യമങ്ങളിലുണ്ടായി. ഫഹദിന്‍റെ മതവും ജാതിയും തിരഞ്ഞ് ചിലര്‍ ചര്‍ച്ച വഴിമാറ്റിവിടുകയും ചെയ്‌തു. ഇതിന് പിന്നാലെ ഫഹദിന്‍റെ ഫേസ്ബുക്ക് പേജില്‍ നിന്ന് രത്‌നവേല്‍ കവര്‍ അപ്രത്യക്ഷമായി. ചര്‍ച്ചകള്‍ മോശം രീതിയില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ നടന്‍ ഇത് നീക്കിയെന്നാണ് കരുതപ്പെടുന്നത്.

മാരി സെല്‍വരാജിന്‍റെ തമിഴ്‌ പൊളിറ്റിക്കല്‍ ത്രില്ലര്‍ മാമന്നന്‍ ഒടിടിയില്‍ എത്തിയതോടെയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ ഫഹദിന്‍റെ പ്രകടനം കൂടുതല്‍ ചര്‍ച്ചയായത്. നായക കഥാപാത്രത്തേക്കാള്‍ മികച്ചതായിരുന്നു വില്ലനായ രത്‌നവേല്‍ എന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി.

രത്‌നവേലിനെ അവതരിപ്പിച്ച ഫഹദ് ഫാസിലിന്‍റെ അഭിനയ മികവിനെ പുകഴ്‌ത്തി സോഷ്യല്‍ മീഡിയയില്‍ നിരവധി കുറിപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. 'നായകന് പ്രാധാന്യം ലഭിക്കണമെങ്കില്‍ ഫഹദിനെ വില്ലനാക്കരുത്' എന്നടക്കമുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇതിന് പുറമെ മാഷപ്പ് വീഡിയോകളും മീമുകളും നിരവധിയെത്തി.

ജാതി വെറിയനും രാഷ്‌ട്രീയക്കാരനുമാണ് ഫഹദ് അവതരിപ്പിച്ച രത്‌നവേല്‍. മനുഷ്യരെ ജാതിയുടെ വലിപ്പം വച്ച് അളക്കുന്ന വ്യക്തി. താന്‍ വളര്‍ത്തുന്ന നായ്‌ക്കളെ പോലെ കൂടെ നില്‍ക്കുന്നവരും തന്‍റെ മുന്നില്‍ വാലാട്ടി നില്‍ക്കണമെന്നതാണ് രത്‌നവേലിന്‍റെ ആഗ്രഹം. അയാളെ പറഞ്ഞുപഠിപ്പിച്ചതും അങ്ങനെയെല്ലാമായിരുന്നു.

'മുകളില്‍ ഇരിക്കുന്നവരെ കുമ്പിട്ടാലും, ഒപ്പമിരിക്കുന്നവനെ കുമ്പിട്ടാലും, താഴെ ഇരിക്കുന്നവനെ കുമ്പിടരുത്. അങ്ങനെ ചെയ്‌താല്‍ ചത്തതിന് സമം' - എന്നാണ് രത്‌നവേലിന്‍റെ അച്ഛന്‍ അയാള്‍ക്ക് നല്‍കിയ ഉപദേശം. അച്ഛന്‍റെ ആദര്‍ശങ്ങള്‍ തന്‍റെ പിന്‍ തലമുറയിലേക്കും പകരണമെന്നും അയാള്‍ ആഗ്രഹിക്കുന്നു. ഏറെ സങ്കീര്‍ണമായ ഈ കഥാപാത്രത്തെ അഭിനയ മികവുകൊണ്ട് മറ്റൊരു തലത്തില്‍ എത്തിച്ചു ഫഹദ്.

പ്രശംസകള്‍ ഒഴുകിയെത്തിയതോടെ ഫഹദ്, രത്‌നവേലിന്‍റെ ചിത്രങ്ങള്‍ കൊളാഷാക്കി തന്‍റെ ഫേസ്‌ബുക്ക് പ്രൊഫൈലിന്‍റെ കവര്‍ ചിത്രമാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് രത്‌നവേലിന് മേലുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി മറ്റൊരു തലത്തിലേക്ക് മാറി. ഇന്‍റര്‍നെറ്റില്‍ ഇത്രയധികം ആഘോഷിക്കപ്പെടുകയും മഹത്വവത്‌കരിക്കപ്പെടുകയും ചെയ്യേണ്ട കഥാപാത്രമാണോ രത്‌നവേലിന്‍റേത് എന്നായി പിന്നീട് ഉയര്‍ന്ന ചോദ്യം. ഇതിനിടയില്‍ രത്‌നവേലിന്‍റെ രംഗങ്ങള്‍ എഡിറ്റ് ചെയ്‌തുകൊണ്ട് ചില ജാതി സംഘടനകളും മറ്റും വീഡിയോകളും പങ്കുവച്ചു. ജാതിയെ വാഴ്‌ത്തുന്ന ഗാനങ്ങളില്‍ മാമന്നനിലെ ഫഹദിന്‍റെ രംഗങ്ങള്‍ ചേര്‍ത്ത വീഡിയോകളാണ് പ്രചരിക്കുന്നത്. തമിഴകത്തെ ചില സവര്‍ണ ജാതി വാദികളാണ് ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് എന്നാണ് വിവരം.

ചര്‍ച്ചകള്‍ രത്‌നവേലില്‍ മാത്രം ഒതുങ്ങുന്നു എന്ന് കരുതിയെങ്കില്‍ തെറ്റി. രത്‌നവേലിന്‍റെ ജാതിയില്‍ തുടങ്ങി ആ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍റെ ജാതി വരെ പറഞ്ഞുകൊണ്ടായി പിന്നീട് ചര്‍ച്ച. ഫഹദ് ഫാസിലിന്‍റെ ജാതിയും മതവും വരെ നെറ്റിസണ്‍സ് തിരഞ്ഞുപോയി. ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തന്നെ തുടരുകയാണ്. ഇതോടെയാണ് ഫഹദ് കവര്‍ നീക്കിയതെന്നാണ് കരുതപ്പെടുന്നത്.

Also Read:'മാമന്നന്‍ ഒരു വികാരം, മാരി സെല്‍വരാജിന് ആലിംഗനം'; അഭിനന്ദന ട്വീറ്റുമായി ധനുഷ്

എന്തുതന്നെയായാലും മാമന്നനിലെ രത്‌നവേല്‍, ഫഹദ് ഫാസില്‍ എന്ന നടന്‍റെ കരിയറിലെ മികച്ച പ്രകടനം തന്നെയെന്ന് സിനിമാസ്വാദകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ തന്നെ തള്ളിപ്പറഞ്ഞ തമിഴ് സിനിമ പ്രേമികളെ കൊണ്ട് ഫഹദ് കൈയടിപ്പിച്ചു. മാമന്നന്‍ സംവിധായകന്‍ മാരി സെല്‍വരാജിനും വടിവേലു, ഉദനിധി സ്റ്റാലിന്‍ എന്നിവര്‍ അവതരിപ്പിച്ച നായക കഥാപാത്രങ്ങള്‍ക്കും മുകളിലാണ് ഫഹദിന്‍റെ രത്‌നവേല്‍ പ്രകടനത്തിന് ലഭിക്കുന്ന കരഘോഷം.

Last Updated : Aug 2, 2023, 9:40 AM IST

ABOUT THE AUTHOR

...view details