ന്യൂഡൽഹി: നിയന്ത്രിത മേഖലകളിലേയും പൊതുസ്ഥലങ്ങളിലേയും സാമൂഹിക വിരുദ്ധരെ തിരിച്ചറിയാൻ കഴിയുന്ന മുഖം തിരിച്ചറിയൽ സംവിധാനം ഇന്ത്യ വികസിപ്പിച്ചെടുത്തു. കുറഞ്ഞ റെസല്യൂഷനിൽ പോലും മുഖം തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാണ് സംവിധാനം വികസിപ്പിച്ചിട്ടുള്ളത്.'AI in Defence' എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇന്ത്യൻ സൈന്യത്തിനായി വികസിപ്പിച്ചെടുത്ത മറ്റ് സംവിധാനങ്ങളോട് ഒപ്പമാണ് പ്രതിരോധ മന്ത്രാലയം പുതിയ സംവിധാനവും വെളിപ്പെടുത്തിയത്.
വന മേഖലകളിൽ നിരീക്ഷണ കാമറകൾ പകർത്തിയ ചിത്രങ്ങൾക്ക് റെസല്യൂഷൻ കുറവായിരിക്കും. കൂടാതെ തിരിച്ചറിയാൻ പ്രയാസവുമായിരിക്കും. എംഒഡി റിപ്പോർട്ട് പ്രകാരം ഈ സംവിധാനത്തിന് മുഖംമൂടികൾ, താടി, മീശ, വിഗ്ഗുകൾ, സൺഗ്ലാസുകൾ, ശിരോവസ്‌ത്രം, മങ്കി കാപ്‌സ്, തൊപ്പികൾ തുടങ്ങി ഏത് വേഷത്തിലും മുഖം തിരിച്ചറിയാൻ കഴിയുന്നതായിരിക്കും. ഇത് മാത്രമല്ല, തത്സമയ വീഡിയോ നിരീക്ഷണത്തിനായി ഈ സംവിധാനം നിയന്ത്രിത മേഖലകളിലും പൊതു സ്ഥലങ്ങളിലും വിന്യസിക്കാൻ സാധിക്കും.
ഈ സംവിധാനത്തില്‍, വിവിധ നിരീക്ഷണ കാമറകൾ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ ഒരു കമ്പ്യൂട്ടർ സെർവറിലോ വിവിധ ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകളോ വഴി വളരെ ചെറിയ സമയം കൊണ്ട് പ്രോസസ് ചെയ്‌ത് കമ്പ്യൂട്ടർ ഗ്രാഫിക്‌സിനും ഫോട്ടോകളുടെ വിവിധ ഉപയോഗത്തിനും സഹായിക്കും. ഒരു ജിപിയുവിൽ (ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകൾ) ഒന്നിലധികം കാമറകൾ ഉപയോഗിക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ജിപിയുവിന്‍റെ പരമാവധി ഉപയോഗവും ഈ സംവിധാനം ഉറപ്പ് വരുത്തുന്നു. ഇത്തരത്തിലുള്ള മറ്റൊരു ആർട്ടിഫിഷൽ ഇന്‍റലിജൻസ് അധിഷ്‌ഠിത ഉപകരണമാണ് സീക്കർ സിസ്‌റ്റം. ഭീകരരുടെ ഭീഷണികൾ തിരിച്ചറിയുന്നതിനും ട്രാക്കു ചെയ്യുന്നതിനുമുള്ള സംവിധാനമാണിത്.
പ്രശ്‌ന ബാധിത പ്രദേശങ്ങളുടെ നിരീക്ഷണത്തിനും സൈനിക സ്ഥാപനങ്ങളിലും അതിർത്തി പ്രദേശങ്ങളിലും അത്യാധുനിക സുരക്ഷ ഉറപ്പാക്കുന്നതിനും ഈ സംവിധാനം ഉപയോഗപ്പെടുത്താം. സായുധ സേനയെ ഏറ്റവും മികച്ചതാക്കി മാറ്റാൻ ശക്തമായ നടപടികളാണ് പ്രതിരോധ മന്ത്രാലയം കൈകൊള്ളുന്നത്. ആർട്ടിഫിഷൽ ഇന്‍റലിജൻസ് സംവിധാനത്തിലൂടെ കൃത്യമായി വിവര ശേഖരണം നടത്താനും തീവ്രവാദികളെ പ്രതിരോധിക്കാനും സാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.