ന്യൂഡൽഹി : 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ സൂറത്ത് ജില്ല കോടതി രണ്ട് വര്‍ഷത്തെ തടവിന് ഇന്നലെ (മാര്‍ച്ച് 23) ശിക്ഷ വിധിച്ചിരുന്നു. പുറമെ, എംപി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് ഇന്ന് വിജ്ഞാപനമിറക്കി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിച്ച പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി വിധിയും പുറമെ ലോക്‌സഭ നടപടിയും.
അദ്ദേഹത്തിനെതിരായുള്ള നടപടി, ചില നിയമ വിദഗ്‌ധരുടെ അഭിപ്രായത്തിൽ 'സ്വാഭാവികമായുള്ള അയോഗ്യത' എന്നതാണ്. എന്നാല്‍, രാഹുലിന് ഈ ശിക്ഷാവിധി മറികടക്കാനും പാർലമെന്‍റിലെ അംഗത്വം അയോഗ്യമാക്കിയത് ഒഴിവാക്കാനാകുമെന്നും മറ്റ് ചിലർ വിലയിരുത്തുന്നു. കോണ്‍ഗ്രസ് നേതാവിനെതിരായ കോടതി വിധി, ലോക്‌സഭ നടപടി എന്നിവയ്‌ക്ക് കാരണമായതിനെക്കുറിച്ചും നിയമപരമായ വശങ്ങളെക്കുറിച്ചും നോക്കാം.
രാഹുലിനെ അയോഗ്യനാക്കിയത് എന്തുകൊണ്ട് ? : 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ്, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 102(ഒന്ന്) (ഇ) പ്രകാരമുള്ള മാനനഷ്‌ടക്കേസിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി വിധി പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ഏപ്രിൽ 13ന് കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലാണ് രണ്ട് വര്‍ഷം തടവിനുള്ള നടപടിയ്‌ക്ക് ആധാരമായ പരാമർശം. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആവട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നത് വന്നത് ? ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും...' - ഇതായിരുന്നു രാഹുലിന്‍റെ പ്രസംഗത്തിലെ വരികള്‍.
ALSO READ|'മോദിക്കെതിരെ സംസാരിച്ചതില്‍ വിരട്ടാനുള്ള ശ്രമം'; രാഹുലിനെതിരായ നടപടി മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് കെസി വേണുഗോപാല്‍
ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദിയാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. സൂറത്ത് സിജെഎം കോടതിയാണ് രാഹുലിനെതിരെ പരമാവധി ശിക്ഷ വിധിച്ചത്. കോടതി വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്നലെത്തന്നെ ജാമ്യം ലഭിച്ചിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തെ സമയവും അനുവദിച്ചു. ഈ ഉത്തരവാണ് പാർലമെന്‍റ് അംഗമെന്ന നിലയിൽ അദ്ദേഹത്തിന്‍റെ പദവി അയോഗ്യമാക്കുന്നതിലേക്ക് ലോക്‌സഭ സെക്രട്ടേറിയറ്റിനെ നയിച്ചത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എട്ട് (മൂന്ന്) പ്രകാരം, ഒരു പാർലമെന്‍റ് അംഗം ഏതെങ്കിലും കുറ്റത്തിന് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ ലോക്‌സഭയ്‌ക്ക് അയോഗ്യത നടപടി സ്വീകരിക്കാം. ലോക്‌സഭ സെക്രട്ടേറിയറ്റ് ഇന്നാണ് പാർലമെന്‍റ് അംഗമെന്ന നിലയിൽ അയോഗ്യത നടപടി നോട്ടിസ് പുറപ്പെടുവിച്ചത്.
അയോഗ്യതയ്ക്ക് ശേഷം എന്ത് സംഭവിക്കും?: അയോഗ്യത നിലനിൽക്കുന്നിടത്തോളം കാലം രാഹുൽ ഗാന്ധിക്ക് പാർലമെന്‍റ് നടപടികളിൽ പങ്കെടുക്കാനാവില്ല. രാഹുല്‍ ഗാന്ധി എംപിയായി തെരഞ്ഞെടുക്കപ്പെട്ട വയനാട് സീറ്റ് നിലവില്‍ ഒഴിഞ്ഞ് കിടക്കുന്ന സ്ഥിതിയാണുള്ളത്. ഇക്കാരണം കൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മിഷന് ഈ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം. ന്യൂഡൽഹിയിലെ സർക്കാർ വസതി ഒഴിയാനും രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശമുണ്ട്.
രാഹുലിന് ഇനി ചെയ്യാന്‍ കഴിയുന്നത്?: രാഹുൽ ഗാന്ധിക്ക് മേല്‍ക്കോടതികളിൽ അപ്പീൽ നൽകാനും നടപടിയെ ചോദ്യം ചെയ്യാനും ശിക്ഷ ഉത്തരവിന് സ്റ്റേ അഭ്യർഥിക്കാനും കഴിയും. അദ്ദേഹത്തിന് ജാമ്യവും 30 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. എംപിമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്ന പ്രകാരം രാഷ്‌ട്രപതിക്ക് മാത്രമേ അധികാരമുള്ളൂവെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 103 പ്രകാരം, ഒരു പാർലമെന്‍റ് അംഗം അയോഗ്യതയ്ക്ക് വിധേയനാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം രാഷ്ട്രപതിയാണ് കൈക്കൊള്ളേണ്ടത്. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ അയോഗ്യതക്കെതിരായി കോണ്‍ഗ്രസിന് രാഷ്‌ട്രപതിയോട് സാവകാശം തേടാവുന്നതാണ്.