ജനാധിപത്യത്തിന്‍റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വളരെ പ്രധാനപ്പെട്ടൊരു ജനാധിപത്യ പ്രക്രിയ നടക്കുകയാണ്. നിയമ നിര്‍മ്മാണം മാറ്റിവെച്ച് മണിപ്പൂര്‍ വിഷയത്തില്‍ ഇന്ത്യ മുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തിരിക്കുകയാണ് ലോക്‌സഭ. കണക്കുകള്‍ എതിരാണെങ്കിലും മണിപ്പൂര്‍ വിഷയം ജന ശ്രദ്ധയില്‍ കൊണ്ടു വരാനും പ്രധാനമന്ത്രിയെക്കൊണ്ടു തന്നെ മറുപടി പറയിക്കാനും സമ്മര്‍ദം ചെലുത്താന്‍ ഈ തന്ത്രപരമായ നീക്കത്തിലൂടെ കഴിയുമെന്നും ഇത് തങ്ങളുടെ വിജയമാണെന്നും പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം അവകാശപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചര്‍ച്ചയുടെ ഭാഗമാകാം ആകാതിരിക്കാം. പക്ഷേ സാങ്കേതികമായി ക്രമസമാധാനം ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ത്തന്നെ ഈ ചര്‍ച്ചയ്ക്ക് സ്വാഭാവികമായും ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞേക്കും. അവിശ്വാസപ്രമേയത്തിന്‍റെ സാങ്കേതിക വശങ്ങളെപ്പറ്റി വിശദീകരിക്കുകയാണ് മുന്‍ രാജ്യ സഭ സെക്രട്ടറി ജനറലായ വിവേക് അഗ്നിഹോത്രി.
എങ്ങനെയാണ് ലോക്‌സഭയില്‍ ഒരു അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്ക് വരിക:ഇന്നത്തെ സാഹചര്യം വച്ചു തന്നെ നമുക്ക് പരിശോധിക്കാം. കഴിഞ്ഞ മാസം 26ന് ലോക്‌സഭ സമ്മേളിച്ചപ്പോളാണ് സ്‌പീക്കര്‍ ഓം ബിര്‍ള അവിശ്വാസ പ്രമേയ നോട്ടിസ് ലഭിച്ചതായി അറിയിച്ചത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നത്. "സര്‍ക്കാരില്‍ സഭ അവിശ്വാസം രേഖപ്പെടുത്തുന്നു" എന്നായിരുന്നു പ്രമേയത്തിന്‍റെ ഉള്ളടക്കം. ചട്ട പ്രകാരം പ്രമേയം അവതരിപ്പിക്കുന്നതിന് സഭയുടെ അനുമതി തേടാന്‍ ഗൗരവ് ഗൊഗോയ്ക്ക് സ്‌പീക്കര്‍ നിര്‍ദേശം നല്‍കി.
പ്രമേയ അവതരണത്തിന് എങ്ങനെ അനുമതി ലഭിച്ചു:അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി തേടി ഗൗരവ് ഗൊഗോയ് സഭയില്‍ സംസാരിച്ച ശേഷം സ്‌പീക്കര്‍ പ്രമേയത്തിന് അവതരണ അനുമതി നല്‍കുന്നതിനെക്കുറിച്ച് അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞു. പ്രമേയത്തെ അനുകൂലിക്കുന്നവരോട് സീറ്റില്‍ നിന്ന് എഴുന്നേറ്റു നില്‍ക്കാനാണ് സ്‌പീക്കര്‍ നിര്‍ദേശിച്ചത്. ഇതുപ്രകാരം പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ മുന്‍ നിര നേതാക്കളായ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്‌ദുള്ള, ഡിഎംകെ നേതാവ് ടി ആര്‍ ബാലു, എന്‍സിപി നേതാവ് സുപ്രിയ സുലേ എന്നിവരടക്കമുള്ള എംപിമാര്‍ പ്രമേയത്തെ അനുകൂലിച്ച് എഴുന്നേറ്റു.
അവിശ്വാസ പ്രമേയം അനുവദിക്കുന്നതിന് ആവശ്യമായ അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കണ്ടതോടെ സ്‌പീക്കര്‍ ഓം ബിര്‍ള പ്രമേയം അനുവദിക്കാമെന്ന് അറിയിക്കുന്നു. ഓഗസ്‌റ്റ് എട്ട് ഒമ്പത് തീയതികളില്‍ പ്രമേയം ചര്‍ച്ച ചെയ്യാമെന്നും സ്‌പീക്കര്‍ അറിയിക്കുന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി പറയുമെന്നാണ് കരുതുന്നത്.
എന്താണ് അവിശ്വാസ പ്രമേയത്തിന്‍റെ പ്രാധാന്യം: നമ്മുടെ പാര്‍ലമെന്‍ററി ജനാധിപത്യ സംവിധാനമനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് ഭരണത്തില്‍ തുടരണമെങ്കില്‍ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന പാര്‍ലമെന്‍റ് അംഗങ്ങളുള്‍ക്കൊള്ളുന്ന ലോക്‌സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ലോക്‌സഭയോടും പാര്‍ലമെന്‍റിനോടും കേന്ദ്ര മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമാണുള്ളത്. പ്രധാനമന്ത്രി നിര്‍ദേശിക്കുന്നതനുസരിച്ചാണ് കേന്ദ്ര മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത്.
പ്രധാനമന്ത്രിയുടെ അനുമതി കൂടാതെ മന്ത്രിസഭയില്‍ നിന്ന് ഏതെങ്കിലും അംഗത്തെ ഒഴിവാക്കാനും ആവില്ല. ഏതെങ്കിലുമൊരു നയം ആലോചനാഘട്ടത്തിലിരിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് അഭിപ്രായം പറയാനോ വിയോജിപ്പ് പ്രകടമാക്കാനോ ഒക്കെ അവകാശമുണ്ട്. പക്ഷേ ഒരിക്കല്‍ ആ നയം അംഗീകരിച്ചു കഴിഞ്ഞാല്‍ അത് നടപ്പാക്കുന്നതിനും ആ നയത്തോടൊപ്പം നില്‍ക്കാനും എല്ലാ മന്ത്രിമാര്‍ക്കും ബാധ്യതയുണ്ട്. ഈ രീതിയിലാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം നടപ്പാവുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ എഴുപത്തഞ്ചാം വകുപ്പ് അനുഛേദം മൂന്നിലാണ് മന്ത്രിസഭയ്‌ക്ക് ലോക്‌സഭയോടുള്ള വിധേയത്വത്തെക്കുറിച്ചും കൂട്ടുത്തരവാദിത്വത്തെക്കുറിച്ചും പറയുന്നത്. ലോക്‌സഭയ്ക്ക് മന്ത്രിസഭയിലുള്ള വിശ്വാസം നഷ്‌ടമായാല്‍ കേന്ദ്ര സര്‍ക്കാര്‍ രാജി വെക്കുകയോ സഭ പിരിച്ചു വിടുകയോ വേണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ഇതിലേതു വേണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഈ നടപടിക്രമങ്ങളുടെ ഭാഗമായി സഭയുടെ അഭിപ്രായമറിയാനും സര്‍ക്കാരിലുളള വിശ്വാസമളക്കാനും പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം കൊണ്ടുവരാമെന്നും ചട്ടം പറയുന്നു.
എങ്ങനെ: ഭരണഘടന പ്രകാരവും ലോക്‌സഭ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഒരു അവിശ്വാസ പ്രമേയം കൊണ്ടു വരണമെങ്കില്‍ ചുരുങ്ങിയത് ഇനി പറയുന്ന വ്യവസ്ഥകള്‍ പാലിച്ചിരിക്കണമെന്ന് വ്യക്തമാക്കുന്നു. പ്രമേയം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അംഗം രാവിലെ 10 മണിക്കു മുമ്പ് തന്നെ ലോക്‌സഭ സെക്രട്ടറി ജനറല്‍ മുമ്പാകെ പ്രമേയാവതരണത്തിനുള്ള അനുമതി നോട്ടീസ് നല്‍കണം. മാത്രവുമല്ല സ്‌പീക്കര്‍ നിര്‍ദേശിക്കുന്ന സമയത്ത് അതേ അംഗം പ്രമേയം അവതരിപ്പിക്കാനുള്ള സഭയുടെ അനുമതി തേടേണ്ടതാണ്.
പ്രമേയ അവതരണത്തിനുള്ള പിന്തുണ:പ്രമേയം ചട്ടപ്രകാരമാണെന്ന് ബോധ്യപ്പെട്ടാല്‍ സ്‌പീക്കര്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കുന്ന വിഷയത്തില്‍ സഭയിലുള്ള അംഗങ്ങളുടെ അഭിപ്രായം ആരായും. അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നിന്നാണ് പിന്തുണ അറിയിക്കേണ്ടത്. അമ്പതില്‍ കുറയാത്ത അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ പ്രമേയത്തിന് അവതരണ അനുമതി നല്‍കുന്നതായി സ്‌പീക്കര്‍ അറിയിക്കും.
അവതരണ അനുമതി തേടിയ ദിവസം തൊട്ട് പത്തു ദിവസത്തിനകം പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് സഭ ചട്ടം. സഭയുടെ കാര്യ പരിപാടികള്‍ കൂടി പരിഗണിച്ച് സ്‌പീക്കറാകും പ്രമേയത്തിന്‍റെ സമയം നിശ്ചയിക്കുക. ചര്‍ച്ചയ്ക്ക് എത്ര സമയം അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്‌പീക്കര്‍ക്കാണ്.