മുംബൈ: വൈദ്യശാസ്ത്ര രംഗത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന കൊവിഡ് -19 വൈറസിന്റെ മൂന്നാം വകഭേദം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മഹാമാരിയുടെ ഗുരുതരമായ രണ്ടാം തരംഗത്തെ രാജ്യം നേരിടുന്നതിനിടയിലാണ് പുതിയ വകഭേദം കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ വകഭേദം കൂടുതൽ മാരകമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരത്തേ ബ്രിട്ടനിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള ഇരട്ട വകഭേദം രാജ്യത്ത് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വകഭേദം ഇപ്പോള്‍ കണ്ടെത്തിയത്.
മൂക്കിലൂടെയും വായിലൂടെയും പ്രവേശിച്ചതിനുശേഷം ഈ വകഭേദം വേഗത്തിൽ പടരുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ ശാസ്ത്രജ്ഞർ കടുത്ത ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. രോഗബാധിതനാണെന്ന് തിരിച്ചറിയുമ്പോഴേക്കും ആളുകളുടെ അവസ്ഥ വഷളാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 2020 ൽ വിദേശ രാജ്യങ്ങളിൽ കൊവിഡിന്‍റെ മൂന്നാം വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. യു.എസ്, സിംഗപ്പൂർ, ഫിൻലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ 2020 ഏപ്രിലിൽ മൂന്നാം വകഭേദം കണ്ടെത്തിയിരുന്നു. കൊവിഡ് -19 വൈറസ് പരിവർത്തനം ചെയ്താണ് പുതിയ വകഭേദം രൂപപ്പെടുന്നത്. ആകൃതി, നിറം, ജനിതക ക്രമം എന്നിവയെയാണ് ഇത് ബാധിക്കുന്നത്. വൈറസിന്‍റെ മൂന്നാമത്തെ പരിവർത്തനം വളരെ അപകടകരമാണെന്ന് ആയുഷ് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. സഞ്ജയ് ലോണ്ടെ പറഞ്ഞു.