ന്യൂഡല്‍ഹി: തെക്കുകിഴക്കൻ ഏഷ്യയിലും യൂറോപ്പിന്‍റെ ചില ഭാഗങ്ങളിലും കൊവിഡ് വീണ്ടും കുതിച്ച് ഉയരുന്നതിനിടെ, രാജ്യത്ത് പുതിയ തരംഗത്തിനുള്ള സാധ്യത കുറവാണെന്ന് ഒരു വിഭാഗം വിദഗ്‌ധര്‍. വാക്‌സിനേഷന്‍ കവറേജും സ്വാഭാവിക അണുബാധ മൂലമുള്ള പ്രതിരോധശേഷിയും കണക്കിലെടുത്താണ് നിഗമനം. പുതിയ വകഭേദങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ തന്നെ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് വിദഗ്‌ധർ.
പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നതിനാല്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് ഏര്‍പ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും ഒരു വിഭാഗം വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, 1,761 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 688 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. സജീവ കേസുകള്‍ 26,240 ആയി കുറഞ്ഞു.
ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കില്ല
SARS-CoV-2 ആര്‍എന്‍എ വൈറസാണെന്നും വകഭേദങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എയിംസിലെ മുതിർന്ന എപ്പിഡെമിയോളജിസ്റ്റും മുതിർന്നവർക്കും കുട്ടികൾക്കുമുള്ള കൊവാക്‌സിന്‍ ട്രയലുകളുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. സഞ്ജയ് റായ് പറയുന്നു. 'ഇതിനകം ആയിരത്തിലധികം വകഭേദങ്ങളുണ്ടായി. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട അഞ്ച് വകഭേദങ്ങൾ മാത്രമേയുള്ളൂ.
കഴിഞ്ഞ വർഷം വിനാശകരമായ രണ്ടാം തരംഗമാണ് രാജ്യം നേരിട്ടത്. എന്നാല്‍ ഇന്ന് ഇത് നമ്മുടെ പ്രധാന ശക്തിയാണ്. കാരണം സ്വാഭാവിക അണുബാധ, കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന പ്രതിരോധം ശരീരത്തിന് നല്‍കുന്നു. ഇതിന് പുറമേ രാജ്യത്ത് ഉയര്‍ന്ന വാക്‌സിനേഷന്‍ കവറേജുമുണ്ട്. അതിനാൽ, ഭാവിയിലുണ്ടാകുന്ന ഒരു തരംഗവും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കാന്‍ സാധ്യതയില്ല,' എയിംസിലെ സെന്‍റര്‍ ഫോർ കമ്മ്യൂണിറ്റി മെഡിസിനിലെ പ്രൊഫസർ കൂടിയായ റായ് പറഞ്ഞു.
'മാസ്‌ക് ധരിയ്ക്കുന്നതില്‍ ഇളവ് ഏർപ്പെടുത്തണോയെന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കേണ്ട സമയമാണിത്. അതേസമയം, മുതിർന്ന പൗരരും പ്രതിരോധ ശേഷി കുറഞ്ഞവരും മുൻകരുതലിന്‍റെ ഭാഗമായി മാസ്‌ക് ധരിയ്ക്കുന്നത് തുടരണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീനോമിക് സീക്വൻസിങ് ഉൾപ്പെടെ SARS-CoV-2 നിരീക്ഷണം സർക്കാർ തുടരണമെന്നും റായ് കൂട്ടിച്ചേര്‍ത്തു.
മാസ്‌ക് നിയമങ്ങളില്‍ ഇളവ്
രാജ്യത്ത് പുതിയ വകഭേദം ഉണ്ടായാലും കേസുകളുടെ എണ്ണം കുത്തനെ ഉയരാനുള്ള സാധ്യത കുറവാണെന്ന് എപ്പിഡെമിയോളജിസ്റ്റും പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റുമായ ഡോ. ചന്ദ്രകാന്ത് ലഹാരിയ പറയുന്നു. 'സെറോ പ്രിവാലൻസ് പഠനം, വാക്‌സിനേഷൻ കവറേജ് തുടങ്ങിയവ വിശകലനം ചെയ്‌താല്‍, ഇന്ത്യയിൽ കൊവിഡ് വ്യാപനം അവസാനിച്ചുവെന്ന നിഗമനത്തിലെത്താനാകും.
ഒരു നിശ്ചിത കാലയളവിൽ ആന്‍റിബോഡിയുടെ അളവ് കുറയുന്നുവെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഹൈബ്രിഡ് പ്രതിരോധശേഷിയിലൂടെയുള്ള സംരക്ഷണം തുടരുന്നു. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് ആശങ്കാജനകമല്ല,' അദ്ദേഹം പറഞ്ഞു. 'ഒരു സമൂഹമെന്ന നിലയിൽ നമ്മള്‍ കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറെടുക്കുന്ന സമയം കൂടിയാണിത്. അതോടൊപ്പം മുഖാവരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്യുകയും പരിഷ്‌കരിക്കുകയും ചെയ്യണം,' ലഹാരിയ വ്യക്തമാക്കി.
ജനസംഖ്യയുടെ 80-90 ശതമാനത്തിലധികം പേർക്കും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് സെറോ പോസിറ്റിവിറ്റി പഠനം സൂചിപ്പിക്കുന്നതെന്ന് സഫ്‌ദര്‍ജങ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.ജുഗൽ കിഷോർ പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് പോലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാം. ഉയർന്ന സ്വാഭാവിക അണുബാധയുള്ളതിനാൽ, കൊവിഡിന്‍റെ പുതിയ തരംഗമുണ്ടായാലും ആളുകൾക്ക് ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്‌സിനേഷന്‍റെ പ്രാധാന്യം
നാഷണൽ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്‍റെ (എൻടിഎജിഐ) കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയർമാൻ ഡോ എൻ.കെ അറോറയും സമാന അഭിപ്രായം പങ്കുവച്ചു. പുതിയ വകഭേദങ്ങൾ ഉയർന്നുവരാനുള്ള അപകടസാധ്യത എപ്പോഴും ഉള്ളതിനാൽ സുരക്ഷാ മുന്‍കരുതലുകളില്‍ അലംഭാവമുണ്ടാകരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിലവിലെ കേസുകളില്‍ ഭൂരിഭാഗവും ഒമിക്രോണും അതിന്‍റെ ഉപവകഭേദങ്ങളും മൂലമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രാഥമികമായി പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാത്തവരിലോ ഭാഗികമായോ പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരിലോ ആണ് കൊവിഡ് മരണം കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. അതിനാല്‍ ഇതുവരെയും രണ്ടാമത്തെ ഡോസ് എടുക്കാത്തവരോടും മുൻകരുതൽ ഡോസ് എടുക്കേണ്ടവരോടും വാക്‌സിന്‍ എടുക്കാന്‍ അഭ്യര്‍ഥിയ്ക്കുന്നു. 12നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളും കൊവിഡ് വാക്‌സിനേഷൻ എടുത്തുവെന്ന് ഉറപ്പാക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: ഒമിക്രോണ്‍ വകഭേദം കുട്ടികളില്‍ 'ക്രൂപ്പി'ന് കാരണമാകുന്നതായി പഠനം