കേരളം

kerala

ETV Bharat / bharat

കര്‍ഷകരുടെ രോഷം തണുപ്പിക്കാൻ ബജറ്റിനാവുമോ… പ്രതീക്ഷയോടെ രാജ്യം

ജിഡിപിയുടെ 18 ശതമാനത്തോളം സംഭാവന ചെയ്യുന്ന കാർഷിക മേഖലക്ക് ശക്തിപകരുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ

budget 2022  budget agriculture sector  farmers budget expectations  ബജറ്റ് കാര്‍ഷിക മേഖല പ്രതീക്ഷകള്‍  കേന്ദ്ര ബജറ്റ്  നിര്‍മല സീതാരാമന്‍ ബജറ്റ്
കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ വച്ച് കാര്‍ഷിക മേഖല...

By

Published : Jan 31, 2022, 9:12 PM IST

Updated : Feb 1, 2022, 6:20 AM IST

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജിഡിപിയുടെ 18 ശതമാനത്തോളം സംഭാവന ചെയ്യുന്ന കാർഷിക മേഖലക്ക് ശക്തിപകരുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2021-22 വർഷത്തിൽ, 1,23,018 കോടിയായിരുന്നു കാർഷിക ബജറ്റ്. മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വര്‍ധനവാണ് കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നത്. ഇത്തവണയും കാര്‍ഷിക മേഖലക്ക് കൂടുതല്‍ വിഹിതം ബജറ്റില്‍ നീക്കിവക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൈവ വളങ്ങള്‍ക്ക് സബ്‌സിഡി

കേന്ദ്ര സര്‍ക്കാര്‍ ജൈവ കൃഷി, അഗ്രി-സ്റ്റാർട്ടപ്പുകൾ, കാർഷിക സംരംഭകത്വം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കണമെന്ന് കാർഷിക വിദഗ്‌ധനും ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറിന്‍റെ (ഐസിഎഫ്എ) ചെയർമാനുമായ എം.ജെ ഖാൻ ഇടിവി ഭാരതിനോട് പറഞ്ഞു.

'സർക്കാർ രാസവളങ്ങൾക്ക് സബ്‌സിഡി നല്‍കുന്നുണ്ട്. എന്നാൽ ജൈവ ഉൽപന്നങ്ങൾക്ക് സബ്‌സിഡിയില്ല. രാസവളങ്ങളുടെ ജിഎസ്‌ടി 5 ശതമാനമാണ്, ജൈവവളങ്ങൾക്ക് ഇത് 12 ശതമാനമാണ്. സീറോ ബജറ്റ്, ജൈവകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താനും ശ്രമിക്കണം,' എം.ജെ ഖാൻ പറഞ്ഞു.

ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിദഗ്‌ധരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്ത എംജെ ഖാൻ, സംയുക്ത ബ്രാൻഡഡ് കിസാൻ ക്രെഡിറ്റ് കാർഡുകൾ, ഇൻകുബേഷൻ സെന്‍ററുകളുടെ എണ്ണം വർധിപ്പിക്കൽ, അഗ്രി-സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക മിഷന്‍, മത്സ്യബന്ധനം/കോഴി വളർത്തൽ/പശുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ, കാർഷിക കയറ്റുമതി വർധിപ്പിക്കുന്നതിന് ഊന്നൽ തുടങ്ങിയ അഞ്ച് കാര്യങ്ങൾ നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പും ബജറ്റും

പഞ്ചാബ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഈ വർഷത്തെ കാർഷിക ബജറ്റില്‍ ജനപ്രിയ പദ്ധതികളുണ്ടാകുമെന്നാണ് കരുതുന്നത്. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കിയെങ്കിലും, കർഷക രോഷം ഇപ്പോഴുമുണ്ടെന്നാണ് കരുതുന്നത്. കർഷക സമൂഹത്തെ പ്രീതിപ്പെടുത്താൻ സർക്കാർ ചില ജനകീയ പ്രഖ്യാപനങ്ങൾ നടത്തിയാലും അത് വോട്ടർമാരിൽ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

'ഒരു മാസത്തിനുള്ളിലാണ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ, ജനകീയ പ്രഖ്യാപനങ്ങൾ നടത്തിയാലും അത് വോട്ടാക്കി മാറ്റാൻ കുറച്ച് സമയമെടുക്കും. കാർഷിക മേഖലയെയും പ്രത്യേകിച്ച് കർഷകരെയും സംബന്ധിച്ചിടത്തോളം ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല,' ഖാൻ പറഞ്ഞു.

Also read: സ്വതന്ത്ര ഇന്ത്യയിലെ ബജറ്റ് സമ്മേളനങ്ങൾ, ചരിത്രം വഴിമാറിയതിങ്ങനെ

കിസാൻ സമ്മാൻ നിധിയുടെ തുക ഇരട്ടിയാക്കുമോ?

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ തുക സർക്കാർ ഇരട്ടിയാക്കുമെന്നാണ് കർഷക യൂണിയൻ ഭാരതീയ കിസാൻ സംഘ് (ബികെഎസ്) പ്രതീക്ഷിക്കുന്നത്. നിലവിൽ, പദ്ധതിയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള എല്ലാ കർഷകർക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി കേന്ദ്രം കൈമാറുന്നു. ഇത് കുറഞ്ഞത് 12,000 രൂപയായി വർധിപ്പിക്കണമെന്നാണ് ബികെഎസിന്‍റെ ആവശ്യം.

വളം സബ്‌സിഡി നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് മാറ്റണം, കാർഷിക ഉൽപന്നങ്ങളുടെ ജിഎസ്‌ടി വെട്ടിക്കുറയ്ക്കണം, 15 ജൈവവസ്‌തുക്കൾക്കുള്ള ബജറ്റ് വിഹിതം എന്നിവയാണ് ബികെഎസ് ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ. കാർഷിക സർവകലാശാലകൾ, തദ്ദേശ ഇനം കാളകളെയും മറ്റ് കന്നുകാലികളെയും വളർത്തുന്ന കർഷകർക്ക് സാമ്പത്തിക സഹായം എന്നിവയും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഹാമാരി കാലത്ത്, കാർഷിക മേഖലക്ക് മാത്രമാണ് വളര്‍ച്ചയുണ്ടായത്. 2021-22 സാമ്പത്തിക വർഷത്തിൽ ഈ മേഖലയിലെ വളർച്ച 3.6 ശതമാനമാണ്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 4 ശതമാനമായി ഉയരുമെന്നാണ് പ്രവചനം.

Also read: രാജ്യം 8.5 % വരെ വളര്‍ച്ച നേടും; ശുഭ സൂചന നല്‍കി സാമ്പത്തിക സര്‍വേ

Last Updated : Feb 1, 2022, 6:20 AM IST

ABOUT THE AUTHOR

...view details