ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്‌ത നടപടിക്കെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജി ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്നും ആദ്യം ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
ഡൽഹിയിൽ നടന്ന സംഭവമായതിനാൽ സിസോദിയക്ക് നേരിട്ട് സുപ്രീം കോടതിയിൽ ഹർജി നൽകാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. രാവിലെ സിസോദിയയുടെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അഭിഷേക് സിങ്‌വി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയിലേക്കെത്തിയതെന്ന ചോദ്യം സിങ്‌വിയോട് കോടതി ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി 2021ല്‍ വിനോദ് ദുവെ കേസില്‍ സമാനമായ രീതിയില്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചിട്ടുണ്ടെന്ന് സിങ്‌വി ചൂണ്ടിക്കാട്ടി.