ബെംഗളൂരു : മുൻ കർണാടക മുഖ്യമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച്‌ഡി കുമാരസ്വാമിക്കെതിരെ (H D Kumarawamy) വൈദ്യുതി മോഷണം ആരോപിച്ച് കോൺഗ്രസ് (Kumaraswamy Lit Up His House Using Stolen Electricity, Alleges Congress). ദീപാവലിക്ക് കുമാരസ്വാമിയുടെ ജെപി നഗറിലെ വസതിയില്‍ അലങ്കാര വിളക്കുകള്‍ തെളിയിച്ചത് വീടിന് സമീപത്തെ വൈദ്യുത തൂണില്‍ നിന്ന് നേരിട്ട് കണക്ഷന്‍ വലിച്ചാണെന്നാണ് ആരോപണം.
വൈദ്യുതി മോഷണത്തിൻ്റെ വീഡിയോ സഹിതമാണ് കോൺഗ്രസ് എക്‌സിലൂടെ ആരോപണം ഉന്നയിച്ചത്. "ലോകത്തിലെ സത്യസന്ധനായ ഏക വ്യക്തിയായ എച്ച് ഡി കുമാരസ്വാമിയുടെ ജെപി നഗറിലെ വസതി, വൈദ്യുത തൂണിൽ നിന്ന് നേരിട്ട് എടുത്ത അനധികൃത കണക്ഷൻ ഉപയോഗിച്ച് ലൈറ്റുകള്‍ പ്രകാശിപ്പിച്ച് അലങ്കരിച്ചു. ഒരു മുൻ മുഖ്യമന്ത്രിക്ക് വൈദ്യുതി മോഷ്‌ടിക്കേണ്ട ദാരിദ്ര്യം സംഭവിച്ചത് ദുരന്തമാണ്!" - എക്‌സിലൂടെ കോൺഗ്രസ് പരിഹസിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടായിട്ടും കർഷകർക്ക് ഏഴ് മണിക്കൂർ വൈദ്യുതി നൽകാൻ തങ്ങൾ നടപടി സ്വീകരിച്ചതായും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. നിങ്ങൾ അത്തരമൊരു "വരൾച്ച" നേരിടുന്നുണ്ടോ? "കർണാടകം ഇരുട്ടിൽ തരിപ്പണമായി" എന്ന് വാര്‍ത്താസമ്മേളനം നടത്തിയിട്ട് ഇപ്പോൾ മോഷ്‌ടിച്ച കറന്‍റ് കൊണ്ട് വീടിന് വെളിച്ചം നൽകിയില്ലേ?. തന്‍റെ വീട് അലങ്കാര വിളക്കുകൾ കൊണ്ട് തിളങ്ങുമ്പോൾ കുമാരസ്വാമി എന്തിനാണ് കർണാടക ഇരുട്ടിൽ തപ്പുകയാണെന്ന് പറയുന്നതെന്നും കോൺഗ്രസ് ചോദിച്ചു.