ന്യൂഡല്‍ഹി :റഷ്യയുടെ യുക്രൈനിലെ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായ അഞ്ചാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. 249 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 മലയാളികളും ഉള്‍പ്പെടുന്നു. റൊമേനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള വിമാനം പുറപ്പെട്ടത്.
യുക്രൈനില്‍ നിന്ന് വിമാന സര്‍വീസ് നടത്താനാവാത്ത സാഹചര്യത്തില്‍ അതിര്‍ത്തി രാജ്യങ്ങളായ റോമേനിയ ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ എത്തിച്ച് അവിടെ നിന്നാണ് അവരെ വിമാനം വഴി നാട്ടില്‍ എത്തിക്കുന്നത്. യുക്രൈനിന്‍റെ അതിര്‍ത്തി കടക്കുന്നത് ശ്രമകരമാണെന്നും നിരവധി ഇന്ത്യക്കാര്‍ ഇപ്പോഴും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി അധികൃതരെ അറിയിക്കാതെ യുക്രൈനിലെ ഒരു അതിര്‍ത്തിയും കടക്കരുതെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.