ഹൈദരാബാദ്:അഫ്‌ഗാനിസ്ഥാനിൽ നിന്ന് 330ഓളം ഇന്ത്യക്കാരെ തിരികെയെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. കാബൂൾ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ എയർ ഫോഴ്‌സ് സി-17 എയർക്രാഫ്‌റ്റിൽ 107 ഇന്ത്യക്കാരുൾപ്പടെ 168 പേരുമായി വിമാനം തിരിച്ചെന്നും ഗാസിയാബാദിലെ ഹിൻഡൻ ഐഎഎഫ് ബേസിൽ ഞായറാഴ്‌ചയോടെ എത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു.
അഫ്‌ഗാനിൽ നിന്ന് ഇന്ത്യക്കാരെ തിരികെകൊണ്ടുവരുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ശനിയാഴ്‌ച 87 ഇന്ത്യക്കാരെ അഫ്‌ഗാനിൽ നിന്ന് തിരികെയെത്തിച്ചിരുന്നു. ഇവരെ കാബൂളിൽ നിന്ന് താജിക്കിസ്ഥാനിലേക്കും തുടർന്ന് ഇന്ത്യയിലേക്കും എത്തിക്കുകയായിരുന്നു. കാബൂളിൽ നിന്ന് ദോഹയിലെത്തിച്ച 135 ഇന്ത്യക്കാരെ ഞായറാഴ്‌ച രാത്രിയോടെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ എംബസി ഉദ്യോഗസ്ഥർ കോൺസുലർ, ലോജിസ്റ്റിക് സഹായങ്ങൾ നൽകിയെന്നും ഇത് സാധ്യമാക്കിയതിന് ഖത്തർ അധികാരികളോട് ഞങ്ങൾ നന്ദി പറയുന്നുവെന്നും എംബസി ട്വിറ്ററിൽ കുറിച്ചു. ഓഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിന് ശേഷം ഇന്ത്യൻ പൗരന്മാരെ തിരികെകൊണ്ടുവരാനുള്ള നടപടികൾ പ്രതിദിനം പുരോഗമിക്കുകയാണ്.
READ MORE: താലിബാന്‍ ഭരണം : അഫ്‌ഗാനിൽ നിന്ന് 129 പേരുമായി തിരിച്ച് എയർ ഇന്ത്യ വിമാനം