കേരളം

kerala

ഇടിവി ഭാരതിലെ മാധ്യമ പ്രവര്‍ത്തക നിവേദിത സൂരജ് അന്തരിച്ചു

By

Published : Nov 19, 2022, 7:43 PM IST

താമസ സ്ഥലത്തു നിന്നും ഓഫിസിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കവേ ശനിയാഴ്ച രാവിലെയാണ് സംഭവം. നിവേദിതയേയും ഒപ്പമുണ്ടായിരുന്ന സോനാലിയേയും കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

Etv Bharat
Etv Bharat

ഹൈദരാബാദ്: ഇടിവി ഭാരത് കേരള ഡെസ്‌കിലെ കണ്ടന്‍റ് എഡിറ്റര്‍ നിവേദിത സൂരജ് (26) അന്തരിച്ചു. ശനിയാഴ്‌ച രാവിലെ ഹൈദരാബാദിന് സമീപം ഹയാത്ത് നഗര്‍ ഭാഗ്യലതയില്‍ നടന്ന കാറപകടത്തിലാണ് നിവേദിതയുടെ മരണം. രാവിലെ അഞ്ചിന് ഓഫിസിലേക്ക് പോകാനായി താമസ സ്ഥലത്തു നിന്നും റോഡ് മുറിച്ചു കടക്കവേ എല്‍ബി നഗര്‍ ഭാഗത്തു നിന്നും ഹയാത്ത് നഗറിലേക്ക് പോവുകയായിരുന്ന കാര്‍ നിവേദിതയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന മഹാരാഷ്‌ട്ര സ്വദേശിനിയും ഇടിവി ഭാരത് ഉത്തര്‍പ്രദേശ് ഡെസ്‌കിലെ കണ്ടന്‍റ് എഡിറ്ററുമായ സോനാലി ചാവേരിയെ ഗുരുതര പരിക്കുകളോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിവേദിത സൂരജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. സോനാലി അത്യാഹിത വിഭാഗത്തിലാണ്. അപകടം നടന്ന ഉടൻ കാറിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് എതിര്‍ ദിശയിലേക്ക് തെന്നിമാറി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹയാത്ത് നഗര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയി. തൃശൂര്‍ പടിയൂര്‍ വിരുത്തിപ്പറമ്പില്‍ വീട്ടില്‍ സൂരജിന്‍റെയും ബിന്ദുവിന്‍റെയും മകളാണ് നിവേദിത. അനുജൻ ശിവപ്രസാദ് ബിരുദ വിദ്യാര്‍ഥിയാണ്. 2021 മേയിലാണ് നിവേദിത ഇടിവി ഭാരതില്‍ കണ്ടന്‍റ് എഡിറ്ററായി ചേരുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോയിലും ജോലി ചെയ്‌തിരുന്നു. സംസ്‌കാരം ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ വീട്ടുവളപ്പില്‍ നടക്കും.

ABOUT THE AUTHOR

...view details