ലഖ്‌നോ :ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ദളിതരോടും കര്‍ഷകരോടും യുവാക്കളോടും നീതി കാണിച്ചില്ലെന്ന് മന്ത്രിസഭയില്‍ നിന്നും രാജിവച്ച ദാര സിങ് ചൗഹാന്‍. താന്‍ ഈ വിഭാഗങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ തുടര്‍ച്ചയായി ഉന്നയിച്ചിരുന്നെന്നും എന്നാല്‍ അത് ബിജെപി പരിഗണിച്ചില്ലെന്നും ദാര സിങ് ചൗഹാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
'ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തില്‍ വന്നത് ദളിതുകളുടേയും പിന്നാക്ക വിഭാഗങ്ങളുടെയും ആശിര്‍വാദത്തോടെയാണ്. എന്നാല്‍ ഈ വിഭാഗങ്ങളോട് സര്‍ക്കാര്‍ നീതി കാണിച്ചില്ല. യുവാക്കള്‍ക്ക് വേണ്ടത്ര തൊഴില്‍ ലഭ്യമാക്കിയില്ല. കര്‍ഷകരുടെ ദുരിതം പരിഹരിക്കപ്പെട്ടുമില്ല' - ദാര സിങ് ചൗഹാന്‍ പറഞ്ഞു.
ALSO READ:ബിജെപി വിട്ട മുന്‍മന്ത്രിക്കെതിരെ അറസ്റ്റ് വാറന്‍റ്; നടപടി എട്ട് വര്‍ഷം മുന്‍പുള്ള കേസില്‍
സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അനീതിയോട് പൊരുത്തപ്പട്ട് പോകാന്‍ തന്‍റെ നീതി ബോധം അനുവദിക്കാത്തതുകൊണ്ടാണ് യുപി മന്ത്രിസഭയില്‍ നിന്നും രാജിവച്ചതെന്നും ദാരസിങ് ചൗഹാന്‍ പറഞ്ഞു. തന്നെ അധികാര സ്ഥാനത്തെത്തിച്ച ജനങ്ങളോട് ചോദിച്ചതിന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമോ എന്ന ചോദ്യത്തോടുള്ള അദ്ദേഹത്തിന്‍റെ മറുപടി.
ദാര സിങ് തീരുമാനം പുനപ്പരിശോധിക്കണമെന്നും ബിജെപിയിലേക്ക് മടങ്ങിവരണമെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്‌തു. ദാര സിങ് തനിക്ക് ജ്യേഷ്‌ഠ സഹോദരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.