കേരളം

kerala

ETV Bharat / bharat

കൈക്കൂലി കേസ്; മഹുവ മൊയ്‌ത്രയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കാന്‍ എത്തിക്‌സ് കമ്മിറ്റി, വിയോജന കുറിപ്പുമായി കോണ്‍ഗ്രസ്

Mahua Moitra MP Case: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ. ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സ്‌പീക്കര്‍ക്ക് കൈമാറും. ബിഎസ്‌പി നേതാവ് ഡാനിഷ് അലിക്കെതിരെയും നടപടിയെന്ന് സൂചന. എംപിക്കെതിരെയുള്ള കൈക്കൂലി കേസിനെ തുടര്‍ന്നാണ് നടപടി.

Ethics Committee  കൈക്കൂലി കേസ്  മഹുവ മൊയ്‌ത്രയുടെ ലോക്‌സഭ അംഗത്വം  എത്തിക്‌സ് കമ്മിറ്റി  വിയോജനക്കുറിപ്പുമായി കോണ്‍ഗ്രസ്  Mahua Moitra MP Case  ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി
Ethics Committee To Recommend Disqualification Of Mahua Moitra MP

By ETV Bharat Kerala Team

Published : Nov 9, 2023, 12:53 PM IST

ന്യൂഡല്‍ഹി : കൈക്കൂലി ആരോപണ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ അധാര്‍മികമായി പെറുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശയെന്നാണ് ലഭിക്കുന്ന സൂചന. റിപ്പോര്‍ട്ട് എത്തിക്‌സ് കമ്മിറ്റി ലോക്‌സഭ സ്‌പീക്കര്‍ ഓം ബിർളയ്ക്ക് കൈമാറും.

ബിജെപി എംപി നിഷികാന്ത് ദുബെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി നടപടി. മൊയ്‌ത്രയ്‌ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സമിതി ഗൗരവത്തോടെ കാണുമെന്നാണ് വിവരം. വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തില്‍ നടപടിയുണ്ടാകും. കേസുമായി ബന്ധപ്പെട്ട് 500 പേജുള്ള റിപ്പോര്‍ട്ടാണ് എത്തിക്‌സ് കമ്മിറ്റിക്ക് സമര്‍പ്പിക്കുക.

സമിതിയില്‍ ബിജെപി അംഗങ്ങള്‍ക്കാണ് ഭൂരിപക്ഷമുള്ളത്. അതുകൊണ്ട് തന്നെ എംപിക്കെതിരെ കടുത്ത നിലപാടുകളെടുക്കാന്‍ സാധ്യതയും ഏറെയാണ്. 15 അംഗ സമിതിയില്‍ ബിജെപിക്ക് 7, കോണ്‍ഗ്രസിന് 3, ബിഎസ്‌പി, ശിവസേന, വൈഎസ്‌ആര്‍സിപി, സിപിഎം, ജെഡിയു എന്നിവയ്‌ക്ക് ഓരോരുത്തർ വീതവുമാണ് ഉള്ളത്.

കഴിഞ്ഞ യോഗത്തില്‍ എംപിയോട് സംസാരിച്ച കമ്മിറ്റി മേധാവി വിനോദ് കുമാർ സോങ്കര്‍ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചറിഞ്ഞതായും എംപി ആരോപിക്കുകയുണ്ടായി. സമിതിക്ക് മുമ്പാകെ ഹാജരായ എംപിക്ക് അതൃപ്‌തി തോന്നിയതിനാല്‍ ഇടയ്‌ക്ക് വച്ച് ഇറങ്ങിപ്പോന്നിരുന്നു.

ആഞ്ഞടിച്ചതില്‍ പണിപാളി :വിനോദ് കുമാർ സോങ്കറിനെതിരെയുണ്ടായ എംപിയുടെ ആരോപണത്തിന് പിന്നാലെ ബിഎസ്‌പി അംഗം ഡാനിഷ് അലി രൂക്ഷമായ ഭാഷയില്‍ സോങ്കറിനെതിരെ ആഞ്ഞടിച്ചിരുന്നു. ഡാനിഷ്‌ അലിക്കെതിരെയും റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡാനിഷ് അലിയുടെ പെരുമാറ്റം ധാർമികമല്ലെന്ന് സോങ്കർ തിരിച്ചടിക്കുകയും ചെയ്‌തിരുന്നു.

പിന്തുണയും വിയോജന കുറിപ്പും :വിഷയത്തില്‍ പ്രതിപക്ഷ എംപിമാര്‍ മഹുവ മൊയ്‌ത്ര എംപിക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ എന്‍ ഉത്തം കുമാര്‍ റെഡ്ഡിയും വി വൈത്തിലിംഗവുമാണ് രംഗത്തെത്തിയത്. വിഷയത്തില്‍ വിയോജന കുറിപ്പ് സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ബിഎസ്‌പി അംഗം ഡാനിഷ് അലിയും വിയോജന കുറിപ്പ് സമർപ്പിക്കാനൊരുങ്ങുകയാണ്.

എംപിക്കെതിരെയുള്ള ആരോപണം : വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെ ലക്ഷ്യമാക്കി ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചുവെന്നതാണ് മഹുവ മൊയ്‌ത്രക്കെതിരെയുള്ള കേസ്. ഹിരാനന്ദാനിക്ക് അനുകൂലമായി ചോദ്യങ്ങള്‍ ചോദിക്കാനും സംസാരിക്കാനും പണവും മറ്റ് പാരിതോഷികങ്ങളും കൈപ്പറ്റിയെന്നും ആരോപണമുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 2നാണ് മഹുവ മൊയ്‌ത്ര ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്.

തനിക്കെതിരെ സത്യവാങ്‌മൂലം നല്‍കിയ ഹിരാനന്ദാനിയേയും അഭിഭാഷകനെയും വിസ്‌തരിക്കാന്‍ അനുവദിക്കണമെന്ന് നേരത്തെ എംപി കമ്മിറ്റി അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Also read:കൈക്കൂലി കേസ്; മഹുവ മൊയ്‌ത്ര ഇന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍

ABOUT THE AUTHOR

...view details