ചെന്നൈ : ഈറോഡ് ഈസ്റ്റ് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇപിഎസ് ഒപിഎസ് വിഭാഗങ്ങള്‍. ഫെബ്രുവരി 27ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇപിഎസ് (എടപ്പാടി കെ പളനിസ്വാമി) വിഭാഗം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുന്‍ നിയമസഭാംഗമായ കെ എസ് തെന്നരസുവിനെയാണ്. ഇപിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒപിഎസ് ( ഒ.പനീര്‍സെല്‍വം) വിഭാഗവും സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു.
പുതുമുഖമായ സെന്തില്‍ മുരുകനെയാണ് ഒപിഎസ് ( ഒ.പനീര്‍സെല്‍വം) വിഭാഗം അവതരിപ്പിച്ചത്. പാര്‍ട്ടി ചിഹ്നമായ'രണ്ടില'യ്‌ക്കായുള്ള മത്സരം നിലനില്‍ക്കെ ബിജെപിയുടെ പിന്തുണയ്‌ക്ക് കാത്ത് നില്‍ക്കാതെയാണ് ഇപിഎസ് (എടപ്പാടി കെ പളനിസ്വാമി) വിഭാഗം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 'പുരോഗതിയിലേക്കുള്ള മാറ്റം ഈറോഡ് ഈസ്റ്റില്‍ നിന്ന് ആരംഭിക്കുമെന്ന്' കെ എസ് തെന്നരസുവിനെ അഭിനന്ദിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.
പാര്‍ട്ടി ചിഹ്നം അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇപിഎസ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച കോടതി കേസ് പരിഗണിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും. അതേസമയം ഇപിഎസ് വിഭാഗത്തിന്‍റെ തീരുമാനം ബിജെപിയ്‌ക്ക് ഇടുട്ടടിയായി.