ന്യൂഡല്‍ഹി: ഇപിഎഫ് വരിക്കാർക്കുള്ള ലൈഫ് ഇൻഷുറൻസ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) എന്നപേരിലുള്ള പദ്ധതി പ്രകാരം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന, ഇപിഎഫ് അടയ്ക്കുന്നവർക്കെല്ലാം ഈ ഇന്‍ഷുറന്‍സിന് അർഹതയുണ്ട്. ജോലിയിലിരിക്കെ മരണപ്പെട്ടാൽ ആശ്രതർക്ക് നിശ്ചിത തുക ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 2.5 ലക്ഷം രൂപയും പരമാവധി ഏഴ് ലക്ഷംരൂപയുമാണ് പദ്ധതി പ്രകാരം ലഭിക്കുക. 2021 ഏപ്രിൽ 21 മുതൽ മൂന്നുവർഷത്തേയ്ക്കാണ് പുതുക്കിയ പരിധിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
1952ലെ മിസലേനീസ് പ്രൊവിഷൻസ് ആക്റ്റ് (എംപിഎ), എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് എന്നിവയുടെ ഭാഗമായാണ് ഇഡിഎൽഐ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ ഈ നിയമങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും ഓട്ടോമാറ്റിക്കായി ഇഡിഎൽഐയിൽ ഉൾപ്പെട്ടിട്ടുണ്ടാകും. അതേസമയം ഇഡിഎൽഐ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജീവനക്കാർ ഒരു രൂപ പോലും നൽകേണ്ടതില്ല. തൊഴിലുടമയില്‍ നിന്നും ഈടാക്കുന്ന 0.5 ശതമാനം വിഹിതമാണ് പ്രീമിയമായി എടുക്കുന്നത്.ജീവനക്കാരന്‍റെ മാസ ശമ്പളവും പിഎഫിലെ തുകയും അടിസ്ഥാനമാക്കിയാണ് രണ്ടര ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെയുള്ള തുക നോമിനിക്ക് നൽകുക.
ആര്‍ക്കാണ് ഇന്‍ഷുറന്‍സ് ലഭിക്കുക
എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) പദ്ധതിയുടെ ഭാഗമായാണ് പിഎഫ് അംഗങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യം നൽകുന്നത്. ഏപ്രിലിൽ ഇപിഎഫ് വരിക്കാരായവര്‍ക്കുള്ള ലൈഫ് കവറേജ് വര്‍ധിപ്പിച്ചിരുന്നു. നേരത്തെ ജോലിയിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി 6 ലക്ഷം രൂപയായിരുന്നു നൽകിയിരുന്നത്. ഇപിഎഫ് പദ്ധതിപ്രകാരം എല്ലാ വരിക്കാർക്കും നിർബന്ധമായും നൽകേണ്ട ഇൻഷുറൻസ് പരിരക്ഷയാണിത്. ജീവനക്കാരൻ മരണമടഞ്ഞാൽ കുടുംബാംഗങ്ങൾക്കും ഇപിഎൽ സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓർഗനൈസേഷനുകൾക്കുമാണ് ഇഡിഎൽഐ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക.
എത്ര തുക ലഭിക്കും
ജീവനക്കാരന്‍റെ പ്രതിമാസ വേതനവും പിഎഫിലെ ബാലൻസ് തുകയും പരിശോധിച്ചാണ് ക്ലെയിം തുക നിശ്ചയിക്കുക. 12 മാസം തുടർച്ചയായി ജോലിചെയ്തിട്ടുണ്ടെങ്കിൽ മിനിമം തുകയായ 2.5 ലക്ഷം രൂപക്ക് അർഹതയുണ്ടാകും. പ്രതിമാസം 15,000 രൂപയിൽ താഴെയുള്ള അടിസ്ഥാന ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഇഡിഎൽഐ സ്കീം ലഭിക്കുന്നതിന് അർഹതയുണ്ട്. ജീവനക്കാരൻ മരിക്കുന്ന സമയത്ത് ശരാശരി ശമ്പളം 20,000 രൂപയും ഈകാലയളവിലെ പിഎഫ് ബാലൻസ് രണ്ടുലക്ഷം രൂപയുമാണെങ്കിൽ ഏഴ് ലക്ഷം രൂപയുടെ ആനുകൂല്യത്തിന് അർഹതയുണ്ട്. ജീവനക്കാരന്‍റെ നോമിനിക്കായിരിക്കും ഈതുക ലഭിക്കുക. നോമിനേഷൻ നൽകിയിട്ടില്ലെങ്കിൽ പങ്കാളിക്കും അവിവാഹിതയായ മകൾക്കും പ്രായപൂർത്തിയാകാത്ത മകനും ഈ തുകയ്ക്ക് അർഹതയുണ്ടാകും.