ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.15 ശതമാനമായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇപിഎഫ്‌ഒയ്‌ക്ക് കീഴിലുള്ള ആറ് കോടിയിലധികം വരുന്ന നിക്ഷേപകരുടെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്കാണ് നേരിയ രീതിയില്‍ ഉയര്‍ത്തി 8.15 ശതമാനമാക്കി മാറ്റിയത്. ഈ വർഷം മാർച്ചിൽ ഇപിഎഫ്ഒ ട്രസ്റ്റികൾ അംഗീകരിച്ച ഇപിഎഫ് പലിശ നിരക്ക് ധനമന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണ് ഉത്തരവ്.
നിരക്ക് വര്‍ധന ഇങ്ങനെ: തിങ്കളാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, 2022-23 ലെ ഇപിഎഫിന്‍റെ 8.15 ശതമാനം പലിശ അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാൻ ഇപിഎഫ്ഒ ഫയൽ ചെയ്ത ഓഫിസുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ 2022 മാർച്ചിൽ, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ 2021-22 സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2020-21 ലെ 8.5 ശതമാനത്തിൽ നിന്ന് നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.10 ശതമാനമായി കുറച്ചിരുന്നു. മാത്രമല്ല ഇപിഎഫ് പലിശ നിരക്ക് 8 ശതമാനമായിരുന്ന 1977-78 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക് കൂടിയായിരുന്നു ഇത്.
ഇവിടം സിമ്പിളാണ്: ഇപിഎഫ്ഒയുടെ ഏകീകൃത പോർട്ടലിൽ ഉയർന്ന പെൻഷന് അപേക്ഷിക്കുന്ന പ്രക്രിയ പോലും വളരെ ലളിതവും മനസിലാക്കാന്‍ എളുപ്പവുമാണെന്നറിയിച്ച് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി രാമേശ്വര്‍ തേലി പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെ സുപ്രീംകോടതി ഉത്തരവ് പ്രകാരം, പോർട്ടലിലെ പ്രായോഗികമല്ലാത്ത ആവശ്യകതകളെക്കുറിച്ചുള്ള വിമർശനങ്ങൾക്കാണ് രാമേശ്വര്‍ തേലി പാർലമെന്‍റില്‍ മറുപടി അറിയിച്ചത്.