ഗ്വാളിയോര്‍: മധ്യപ്രദേശില്‍ അനധികൃത സ്വത്ത് സമ്പാദനത്തില്‍ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്‌ഡ്. സംസ്ഥാന പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) അധ്യാപകനായ പ്രശാന്ത് പർമറിനെതിരായി തെളിവുകള്‍ ശേഖരിച്ചു. അധ്യാപകനെന്ന നിലയില്‍ ഇതുവരെ 25 മുതൽ 30 ലക്ഷം വരെ ശമ്പളം ലഭിച്ചെന്ന് രേഖകളിലുള്ള ഇയാള്‍ക്ക് സ്വന്തമായി 20 കോളജുകളാണുള്ളതെന്ന് കണ്ടെത്തി.
ഇയാളുടെ സമ്പാദ്യം രേഖകളിലുള്ളതിനേക്കാള്‍ 1000 മടങ്ങാണെന്ന് ഇ.ഒ.ഡബ്ല്യു സ്ഥിരീകരിച്ചു. ഘടിഗാവിലെ പ്രൈമറി സ്‌കൂള്‍ അസിസ്റ്റന്‍റാണ് പ്രശാന്ത് പർമര്‍. ഇ.ഒ.ഡബ്ല്യുവിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. നഴ്‌സിങ് കോളജുകളും വിവാഹ മണ്ഡപങ്ങളും സ്‌കൂളും ഇയാള്‍ക്കുണ്ട്. പ്രതിയുടെ വീട്ടിൽ നിന്ന് നിരവധി ചെക്ക്ബുക്കുകളും സ്വത്ത് രേഖകളും ലഭിച്ചെന്നും ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.