തിരുവനന്തപുരം :ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ടേംസ് ഓഫ് റഫറൻസിനായി (ടിഒആര്‍) കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ശുപാര്‍ശ. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ ശുപാര്‍ശ. ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതിക്ക് രൂപരേഖയും ഘടനയും ആസൂത്രണം ചെയ്യുന്നതിനും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്‍റ് കോർപറേഷൻ (കെഎസ്‌ഐഡിസി) ലിമിറ്റഡിന് ഇത് ഏറെ സഹായകരമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ടേക്ക് ഓഫിനൊരുങ്ങി ശബരിമല വിമാനത്താവളം : ശബരിമല വിമാനത്താവളത്തിനുള്ള കേന്ദ്ര അനുമതി ലഭിച്ചതോടെ ഉടന്‍ തന്നെ വിമാനം പറന്നുയരുമെന്ന പ്രതീക്ഷയിലാണ് കോട്ടയം ജില്ലക്കാര്‍. കോട്ടയം ജില്ലയിലെ എരുമേലിയില്‍ ഏകദേശം 2570 ഏക്കറോളം വരുന്ന എസ്‌റ്റേറ്റിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതിനെതിരെ നിരവധി വിവാദങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നുവെങ്കിലും ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം ആരംഭിക്കുന്നതിന് കേന്ദ്ര അനുമതി ലഭിച്ചതോടെ ടേക്ക് ഓഫ് ആവുകയാണ് ജനങ്ങളുടെ പ്രതീക്ഷയും.
ഇത് ജില്ലയില്‍ നിന്നൊരു വിമാനത്താവളം എന്നതിന് അപ്പുറം നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരം കൂടിയാണ്. ആരംഭ ഘട്ടത്തില്‍ 600 പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ശബരിമലയിലേക്കുള്ള തീര്‍ഥാടകര്‍ക്ക് വിമാന സര്‍വീസ് ഏറെ ഗുണകരമാകും.
കൂടാതെ പത്തംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്ക് വിമാനത്താവളം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. വിമാനത്താവളത്തിന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചത്. പല ഘട്ടങ്ങളിലായുള്ള വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷമാണ് പദ്ധതിക്ക് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചത്.