ചെന്നൈ:ഒടുവില്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇംഗ്ലണ്ടിന് എതിരായ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയറിഞ്ഞു. ഇത്തവണ രക്ഷകരായി ആരും അവതരിച്ചില്ല. നായകൻ കോലി പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ടിന്‍റെ ജയം തടയാൻ അത് മതിയാകുമായിരുന്നില്ല. 227 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്. നൂറാം ടെസ്റ്റ് കളിച്ച ഇംഗ്ലീഷ് നായകൻ ജോ റൂട്ടാണ് കളിയിലെ കേമൻ.
420 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ഇന്ത്യ 192 റൺസില്‍ പോരാട്ടം അവസാനിപ്പിച്ചു. അർധസെഞ്ച്വറി നേടിയ ശുഭ്‌മാൻ ഗില്ലും (50), നായകൻ വിരാട് കോലിയും (72) മാത്രമാണ് ഇന്ത്യൻ നിരയില്‍ പിടിച്ചു നില്‍ക്കാൻ ശ്രമിച്ചത്.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റൺസ് എന്ന ദയനീയ അവസ്ഥയില്‍ നിന്ന് ഇന്ത്യ വളരെ വേഗം തോല്‍വി സമ്മതിക്കുകയായിരുന്നു. ചേതേശ്വർ പുജാര (15), അജിങ്ക്യ രഹാനെ (0), റിഷഭ് പന്ത് ( 11), വാഷിങ്ടൺ സുന്ദർ ( 0), രവി അശ്വിൻ (9), ഷഹബാസ് നദീം( 0), ഇശാന്ത് ശർമ (5), ജസ്‌പ്രീത് ബുംറ (4) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റ്‌സ്‌മാൻമാർ. രോഹിത് ശർമ (12) ഇന്നലെ പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ ജാക്ക് ലീച്ചും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജെയിംസ് ആൻഡേഴ്‌സണും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്. ഡൊമിനിക് ബെസ്, ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്‌സ് എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.
ചെന്നൈയില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തത് മുതല്‍ മത്സരം ഇംഗ്ലണ്ടിന് ഒപ്പമായിരുന്നു. നായകൻ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ച്വറി (218) മികവില്‍ 578 റൺസാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. ചേതേശ്വർ പുജാരയും റിഷഭ് പന്തും വാഷിങ്ടൺ സുന്ദറും നേടിയ അർധ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യ 337 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയെ ഫോളോഓൺ ചെയ്യിക്കാതെ ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ട് അതിവേഗം സ്കോർ ചെയ്ത് ഇന്ത്യയ്ക്ക് മുന്നില്‍ 420 എന്ന വിജയലക്ഷ്യം വയ്ക്കുകയായിരുന്നു. ഈ ജയത്തോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് (1-0)ത്തിന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈമാസം 13ന് ചെന്നൈയില്‍ തുടങ്ങും.
ഇന്ത്യയ്ക്ക് എതിരായ തകർപ്പൻ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ പോയിന്‍റ് പട്ടികയില്‍ ഇംഗ്ലണ്ട് ഒന്നാമതെത്തി. ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്തു. ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയ മൂന്നാമതുമാണ്.