ഓവല്‍: നായകൻ വിരാട് കോലിയും ഉപനായകൻ അജിങ്ക്യ രഹാനെയും ഓൾറൗണ്ടർ രവിന്ദ്ര ജഡേജയും ഇംഗ്ലീഷ് ബൗളിങിന് മുന്നില്‍ പൊരുതാതെ കീഴടങ്ങിയപ്പോഴാണ് റിഷഭ് പന്തും ശാർദുല്‍ താക്കൂറും ക്രീസില്‍ ഒന്നിച്ചത്. മത്സരം അതിവേഗം ഇംഗ്ലണ്ടിന് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ഇരുവരും മനസില്‍ ഉറപ്പിച്ചിരുന്നു.
ഇരുവരും അർധസെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ വാലറ്റത്ത് ഉമേഷ് യാദവും ജസ്‌പ്രീത് ബുംറയും മനസറിഞ്ഞ് ബാറ്റ് ചെയ്തു. അതോടെ ഇന്ത്യയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 368 റൺസായി. ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനം മത്സരത്തിന്‍റെ ആനുകൂല്യം ഇരു ടീമിനുമായി മാറി മറിഞ്ഞപ്പോൾ അത് കൂടുതല്‍ മുതലാക്കിയത് ഇന്ത്യയാണ്.
റിഷഭ് പന്തും ശാർദുല്‍ താക്കൂറുമാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈയും മികച്ച ലീഡും സമ്മാനിച്ചത്. താക്കൂർ (60), പന്ത് (50) എന്നിങ്ങനെയാണ് ഇരുവരുടേയും സ്കോർ.
വിരാട് കോലി (44), ഉമേഷ് യാദവ് (25), ബുംറ(24) എന്നിങ്ങനെയാണ് വാലറ്റത്തെ ഇന്ത്യൻ സ്കോർ. ഇന്നലെ സെഞ്ച്വറി നേടിയ രോഹിത് ശർമ(127), അർധ സെഞ്ച്വറി നേടിയ ചേതേശ്വർ പുജാര(61) എന്നിവരും ഇന്ത്യയ്ക്കായി മികച്ച സ്കോർ കണ്ടെത്തി. രഹാനെ റൺസൊന്നും എടുക്കാതെ പുറത്തായി. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 466 റൺസിന് എല്ലാവരും പുറത്തായപ്പോൾ
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് മൂന്ന്, ഒലി റോബിൻസൺ, മോയിൻ അലി എന്നിവർ രണ്ട്, ആൻഡേഴ്‌സൺ, ഓവെർടൺ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും നേടി. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 191 റൺസിനും ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സില്‍ 290 റൺസിനും ഓൾഔട്ടായിരുന്നു.
ഒരു ദിനം കൂടി ശേഷിക്കെ ഓവലില്‍ ഇരു ടീമും വിജയത്തിനായി പരിശ്രമിക്കുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനെ എറിഞ്ഞിടാൻ ഇന്ത്യയും വൻ വിജയലക്ഷ്യം പിന്തുടരാൻ ഇംഗ്ളണ്ടും ശ്രമിക്കും മത്സരം വാശിയേറും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇരു ടീമും ഓരോ മത്സരം ജയിച്ചു. ഒരെണ്ണം സമനിലയിലായി. പരമ്പര വിജയത്തില്‍ ഈ മത്സരം ഇരു ടീമിനും നിർണായകമാണ്.