രാജമഹേന്ദ്രവാരം : ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കോരുകൊണ്ട മണ്ഡലത്തിലെ ബുരുഗുപുഡി ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
ഹേമന്ത്, ഹർഷവർധൻ, ഉദയ് കിരൺ എന്നീ വിദ്യാർഥികളാണ് മരിച്ചത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഏലൂർ നഗരത്തിനടുത്തുള്ള ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ ബി ടെക് വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
10 വിദ്യാർഥികളുടെ സംഘം രണ്ട് കാറുകളിലായി കിഴക്കൻ ഗോദാവരി ജില്ലയിലെ വെള്ളച്ചാട്ടങ്ങളുള്ള മാറേഡുമില്ലി ബയോ ഡൈവേഴ്‌സിറ്റി ഹബ്ബിലേക്ക് പിക്‌നിക്കിന് പോയി മടങ്ങി വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ബുറുഗുപുഡി ഗേറ്റിലെ പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിലുള്ള കനാലിലേക്ക് കാർ മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽ 6 പേർ ഉണ്ടായിരുന്നു.
പരിക്കേറ്റ മറ്റ് മൂന്ന് പേരെ രാജമഹേന്ദ്രവാരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജാർഖണ്ഡിൽ ബസ് നദിയിലേക്ക് മറിഞ്ഞു, നാല് മരണം : ഇന്നലെ രാത്രി 8.40ഓടെ ജാർഖണ്ഡിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ നാല് പേരാണ് മരിച്ചത്. 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. യാത്രക്കാരുമായി റാഞ്ചിയിൽ നിന്ന് നിന്ന് ഗിരിദിഹിയിലേക്ക് പോകുകയായിരുന്ന ബസാണ് ബരാകിർ നദിയിലേക്ക് മറിഞ്ഞത്. ബസിൽ 30ഓളം യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് വിവരം.