കേരളം

kerala

ETV Bharat / bharat

കേന്ദ്രത്തിന് കനത്ത തിരിച്ചടി ; ഇഡി ഡയറക്‌ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി സുപ്രീം കോടതി - എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടർ

15 ദിവസത്തിനകം പുതിയ ഇഡി ഡയറക്‌ടറെ നിയമിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നല്‍കി

ED  Enforcement Directorate tenure extension  ED director extension  Enforcement Directorate  ഇഡി ഡയറക്‌ടർ  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടർ  ഇഡി ഡയറക്‌ടർ കാലാവധി
ഇഡി ഡയറക്‌ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി

By

Published : Jul 11, 2023, 2:46 PM IST

Updated : Jul 11, 2023, 4:29 PM IST

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയേല്‍പ്പിച്ച്, എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി സുപ്രീംകോടതി. ഇഡി ഡയറക്‌ടര്‍ സഞ്ജയ്‌ കുമാര്‍ മിശ്രയ്ക്ക് ജൂലായ് 31 വരെയേ തുടരാനാകൂ.15 ദിവസത്തിനകം പുതിയ ഡയറക്‌ടറെ നിയമിക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നല്‍കി.

മൂന്നാംതവണയും സഞ്ജയ് മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയതാണ് സുപ്രീംകോടതി തടഞ്ഞത്. മറിച്ച് ഉത്തരവുണ്ടായിട്ടും എസ്‌ കെ മിശ്രയ്‌ക്ക് കാലാവധി നീട്ടി നല്‍കിയത് നിയമ വിരുദ്ധ നടപടിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മിശ്രയുടെ കാലാവധി ഇനിയും നീട്ടുന്നതിന് എതിരെ നിരവധി ഹര്‍ജികളാണ് സുപ്രീകോടതിയുടെ പരിഗണനയില്‍ എത്തിയത്.

1984 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ്‌ മിശ്ര. 2018ല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറായി ചുമതലയേറ്റ അദ്ദേഹത്തിന്‍റെ കാലാവധി 2020ല്‍ ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. 2021 സെപ്‌റ്റംബര്‍ ആയപ്പോള്‍ രണ്ട് മാസത്തേക്ക് വീണ്ടും നീട്ടി.

ഇതിന് ശേഷമാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ആക്‌റ്റില്‍ ഭേദഗതി വരുത്തി കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതോടെ വിഷയത്തില്‍ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. കൂടാതെ ഇത് ചോദ്യം ചെയ്‌ത് സുപ്രീംകോടതിയില്‍ നിരവധി ഹര്‍ജികളുമെത്തി.

കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി: ഇഡി ഡയറക്‌ടറുടെ കാലാവധി നീട്ടിയ വിഷയത്തില്‍ കേന്ദ്രത്തിനുനേരെ സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണുണ്ടായത്. ഇഡി ഡയറക്‌ടര്‍ പദവിയിലേക്ക് യോഗ്യതയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റില്‍ ഇല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. ആ സ്ഥാനത്ത് ഇരിക്കാന്‍ അത്രയും യോഗ്യതയുള്ളയാളാണോ സഞ്ജയ്‌ മിശ്ര ?. ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്‌തിയും ഉള്ള മറ്റാളുകളില്ലേ ?. ഒരു വ്യക്തിയെ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പ്രവര്‍ത്തന രഹിതമാകുന്നതാണോ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റെന്നും കോടതി ചോദിച്ചു.

സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രം : ഇഡി ഡയറക്‌ടര്‍ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയതില്‍ യാതൊരു പ്രത്യേക താത്‌പര്യങ്ങളുമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്‌ടിഎഫ്) സംവിധാനം കണക്കിലെടുത്താണ് മിശ്രയുടെ കാലാവധി നീട്ടി നല്‍കിയതെന്നാണ് സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ മറുപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ഭീകരര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ്‌ടിഎഫ്) യോഗം ഉടന്‍ ചേരും. അതില്‍ സഞ്ജയ്‌ മിശ്രയുടെ സേവനം ആവശ്യമുണ്ട്.

പത്ത് വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന യോഗത്തില്‍ ഇതുവരെയുള്ള കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് മിശ്രയുടെ സേവനം ആവശ്യമാണെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രത്തിന്‍റെ ഇത്തരം വാദങ്ങള്‍ കേട്ട ശേഷവും അക്കാര്യങ്ങള്‍ വിലയിരുത്താന്‍ രാജ്യത്തിന്‍റെ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗത്തില്‍ കഴിവും പ്രാപ്‌തിയും അനുഭവ പരിചയവുമുള്ള മറ്റാരുമില്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞു.

Last Updated : Jul 11, 2023, 4:29 PM IST

ABOUT THE AUTHOR

...view details