ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബീനിഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലിൽ വ്യക്തമായ തെളിവുണ്ടെന്നും ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇ.ഡി കോടതിയെ സമീപിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
രാജ്യം വിട്ടുപോകരുതെന്നും, എപ്പോൾ വിളിപ്പിച്ചാലും കോടതിയിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് ബിനീഷ് ഒരു വർഷത്തോളം ബെംഗളുരുവിലെ ജയിലിലായിരുന്നു. ഒക്ടോബറിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച് അഞ്ച് മാസത്തിനിപ്പുറമാണ് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യവുമായി ഇ.ഡി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ALSO READ:ഒരു വര്‍ഷത്തിന് ശേഷം ബിനീഷ് വീട്ടിലെത്തി; ഹൃദ്യമായി സ്വീകരിച്ച് ബന്ധുക്കളും സുഹൃത്തുക്കളും
ബിനീഷിനെതിരെ ക്യത്യമായ തെളിവുകൾ ഉണ്ടായിട്ടും ഇക്കാര്യങ്ങൾ പരിഗണിക്കാൻ ഹൈക്കോടതി തയ്യാറായില്ല. ബിനീഷിന്‍റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ബിനീഷ് നൽകിയിരുന്നില്ല. സാമ്പത്തിക സ്രോതസ് സംബന്ധിച്ച വിശദീകരണത്തിൽ കൃത്യതയില്ല തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കാതെയാണ് ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചതെന്ന് ഇ.ഡി ചൂണ്ടിക്കാണിക്കുന്നു.