ന്യൂഡല്‍ഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌തു. 2015-16 കാലഘട്ടത്തില്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി സത്യേന്ദര്‍ ജെയ്‌ന്‍ ഹവാല ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ മാസം 4.81 കോടി രൂപ മൂല്യമുള്ള സത്യേന്ദര്‍ ജെയ്‌ന്‍റെ കുടുംബ സ്വത്തുക്കളും മന്ത്രിയുടെ ഉടമസ്ഥതയിലുള്ളതും നിയന്ത്രണത്തിലുള്ളതുമായ കമ്പനികളും താൽകാലികമായി കണ്ടുകെട്ടിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ആരോഗ്യം, വ്യവസായം, വൈദ്യുതി, ആഭ്യന്തരം, നഗരവികസനം, ജലം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് 57 കാരനായ ജെയ്‌നാണ്. അതേസമയം, അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് ആം ആദ്‌മി പാര്‍ട്ടിയുടെ ആരോപണം.
രാഷ്‌ട്രീയ പ്രേരിതമെന്ന് ആപ്പ്: എട്ട് വർഷം പഴക്കമുള്ള വ്യാജ കേസിലാണ് ജെയ്‌നെ അറസ്റ്റ് ചെയ്‌തതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബിജെപി ഭയപ്പെടുന്നുണ്ടെന്നും അതാണ് ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള സത്യേന്ദര്‍ ജെയ്‌ന്‍റെ അറസ്റ്റിന് പിന്നിലെന്നും സിസോദിയ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു സിസോദിയയുടെ വിമർശനം.
2018ൽ ഇതേ കേസുമായി ബന്ധപ്പെട്ട് ഇഡി സത്യേന്ദര്‍ ജെയ്‌നെ ചോദ്യം ചെയ്‌തിരുന്നു. 2017 ഓഗസ്റ്റിലാണ് സത്യേന്ദര്‍ ജെയ്‌നും കുടുംബത്തിനുമെതിരെ 1.62 കോടി രൂപയുടെ കള്ളപ്പണ വെളുപ്പിക്കല്‍ കേസ് സിബിഐ രജിസ്റ്റർ ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി സത്യേന്ദര്‍ ജെയിനും കുടുംബവും നാല് ഷെല്‍ കമ്പനികള്‍ (വ്യാപാരം നടത്താത്ത കമ്പനികള്‍) സ്ഥാപിച്ചുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. സിബിഐയുടെ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി ഡല്‍ഹി ആരോഗ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചത്.