ശ്രീനഗർ : തെക്കൻ കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഞായറാഴ്‌ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി പൊലീസ്. ഷോപ്പിയാനിലെ നൗപോറ ബാസ്‌കുചാനിലെ നസീർ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് ലഷ്‌കർ ഇ തൊയ്‌ബയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
നസീറിൽ നിന്ന് എകെ റൈഫിൾ ഉൾപ്പടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടയിൽ സുരക്ഷാസേനയ്‌ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും ഏറ്റുമുട്ടൽ ഉണ്ടാവുകയുമായിരുന്നു.
ബാരാമുള്ള ഏറ്റുമുട്ടൽ : നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരർ വെള്ളിയാഴ്‌ച ബാരാമുള്ളയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പഠാൻ മേഖലയിലെ യെദിപോര ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും സൈന്യവും ശാസ്‌ത്ര സീമ ബലും നടത്തിയ തിരച്ചിലിനിടയിലും സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. ചെറുത്തുനിൽപ്പ് ഏറ്റുമുട്ടലില്‍ കലാശിച്ചു.
തെക്കൻ കശ്‌മീരിൽ ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ച് സുരക്ഷാസേന കലംപോറ പുൽവാമ സ്വദേശി യാവർ ഷാഫി ഭട്ട്, വെഷ്രോ ഷോപ്പിയാനിലെ ആമിർ ഹുസൈൻ ഭട്ട് എന്നിവരാണ് അന്നത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ. സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണങ്ങൾ, സിവിലിയൻ അതിക്രമങ്ങൾ എന്നിവയുൾപ്പടെയുള്ള ഭീകര കുറ്റകൃത്യ കേസുകളിൽ ഇരുവരും ഉൾപ്പെട്ടിരുന്നു. ബാരാമുള്ളയിലെ റിക്രൂട്ട്മെന്‍റ് റാലിക്കെതിരെ ആക്രമണം നടത്താന്‍ പ്രസ്‌തുത ഭീകരർ പദ്ധതി ഇട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ജമ്മു കാശ്‌മീർ പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് മൂന്ന് മാഗസിനുകളുള്ള എകെഎസ് 74 യു റൈഫിൾ ഉൾപ്പടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും പിസ്റ്റളും കണ്ടെടുത്തു. പിസ്റ്റള്‍ ഒരു മാഗസിൻ സഹിതമായിരുന്നു. ഇവ പരിശോധനയ്‌ക്ക് അയച്ചു. സംഭവത്തില്‍ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ ഏഴ് എകെ 47 റൈഫിളുകൾ, രണ്ട് പിസ്റ്റളുകൾ, 21 എകെ മാഗസിനുകൾ, 1,190 റൗണ്ടുകൾ, 132 പിസ്റ്റൾ റൗണ്ടുകൾ, 13 ഗ്രനേഡുകൾ, എന്നിവയുൾപ്പടെ വൻ ആയുധശേഖരവും ബന്ദിപ്പോര ജില്ലയിലെ നൗഷേര നാർഡിൽ നിന്ന് കണ്ടെടുത്തു.