ശ്രീനഗര്‍ :ജമ്മുകശ്‌മീരിലെ പൂഞ്ചില്‍ വീണ്ടും സൈനികര്‍ക്ക് നേരെ ആക്രമണം. കമാന്‍ഡിങ് ഓഫിസറുടെ വാഹനം ആക്രമിക്കപ്പെട്ടു. മേഖലയില്‍ ഭീകരരുമായുള്ള സുരക്ഷാസേനയുടെ ഏറ്റുമുട്ടല്‍ തുടരുന്നു. പൂഞ്ചിലെ കൃഷ്‌ണഘാട്ടിലെ ഖനേതറിൽ ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ആക്രമണം തുടങ്ങിയത്.
സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. കുന്നിന്‍ ചെരുവില്‍ നിന്നുമാണ് സൈന്യത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചതോടെയാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. പൂഞ്ചില്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് സൈന്യം.
മേഖലയില്‍ സൈന്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നോര്‍ത്തേണ്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലെഫ്‌റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഉള്‍പ്പടെയുള്ള സംഘം പൂഞ്ചില്‍ എത്തിയിരിക്കെയാണ് ആക്രമണം. ഒരു മാസത്തിനിടെ മേഖലയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഡിസംബര്‍ 22ന് പൂഞ്ചിലെ ദേരാകി ഗലിയിലുണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയായ പിര്‍ പഞ്ചല്‍, പൂഞ്ച്, രജൗരി എന്നിവിടങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് തീവ്രവാദ മുക്ത മേഖലയാക്കിയത്. എന്നാല്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ വിവിധ ഭീകരാക്രമണങ്ങളിലായി മേഖലയില്‍ കൊല്ലപ്പെട്ടത് 20 സൈനികരാണ്.