പുല്‍വാമ :തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയിലെ മിത്രഗാം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍. ഇന്ത്യൻ ആർമിയുടെയും സിആർപിഎഫിന്‍റെയും കശ്‌മീർ സോൺ പൊലീസിന്‍റെയും സംയുക്ത സംഘമാണ് തീവ്രവാദികളുമായി ഏറ്റുമുട്ടുന്നത്. മിത്രഗാമില്‍ തീവ്രവാദി സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സംയുക്ത സേനാസംഘം പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്നു.
ഇവിടെ തമ്പടിച്ചിരുന്ന തീവ്രവാദി സംഘം സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി കശ്‌മീര്‍ പൊലീസ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഫെബ്രുവരി 28 ന് പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.
ഒരു കശ്‌മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുല്‍വാമയിലെ അവന്തിപ്പോര മേഖലയില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഫെബ്രുവരി 26നാണ് കശ്‌മീരി പണ്ഡിറ്റ് ആയ സഞ്ജയ് ശര്‍മയെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയത്.
മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്നു ശര്‍മ. വെടിയേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടര്‍ക്കഥ :നിരവധി ഏറ്റുമുട്ടലുകളാണ് പുല്‍വാമയില്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ആക്രമണ പ്രത്യാക്രമണം പതിനെട്ട് മണിക്കൂര്‍ നീണ്ടു. ജയ്‌ഷെ ഭീകരരായ അബിബ് ഹുസൈന്‍ ഷാ, സഖിബ് ആസാദ് സൂഫി എന്നിവരായിരുന്നു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അബിബ് ഹുസൈന്‍ ഷാ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന റിയാസ് അഹമ്മദിനെ വീട്ടില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തന്നെയായിരുന്നു പൊലീസ് കോണ്‍സ്റ്റബിളായ റിയാസ് അഹമ്മദ് കൊല്ലപ്പെട്ടത്. അബിബ് ഹുസൈന്‍ ഷാ റിയാസിനെ വീട്ടില്‍ കയറി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി.
പുല്‍വാമയിലെ പഹൂ ഗ്രാമത്തില്‍ 2022 ഏപ്രില്‍ 24ന് ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികല്‍ കൊല്ലപ്പെട്ടിരുന്നു. നിരോധിത സംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബയുമായി ബന്ധമുള്ള മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. പഹൂ ഗ്രാമത്തില്‍ തീവ്രവാദി സ്വാധീനം ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സേന പ്രദേശത്ത് എത്തുകയായിരുന്നു. പിന്നാലെയാണ് പ്രദേശത്ത് തമ്പടിച്ചിരുന്ന ഭീകര സംഘവുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.
രാജ്യത്തെ കണ്ണീരണിയിച്ച പുല്‍വാമ ആക്രമണം:മേഖലയില്‍ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാണെങ്കിലും രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ സംഭവമായിരുന്നു 2019ലെ പുല്‍വാമ ഭീകരാക്രമണം. 40 സിആര്‍പിഎഫ് ജവാന്‍മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്‍റെ അനന്തരവനും സംഘടനയുടെ സ്‌നൈപ്പറുമായിരുന്ന ഉസ്‌മാനെ പുല്‍വാമയില്‍ വച്ച് സുരക്ഷാസേന വധിച്ചതിന്‍റെ പ്രതികാരമായാണ് ഭീകരാക്രമണം നടത്തിയത്.
എന്നാല്‍ ഭീകരാക്രമണത്തിന്‍റെ 12-ാം നാള്‍ പാകിസ്‌താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ തിരിച്ചടിച്ചു. ഇവിടുത്തെ ഭീകര പരിശീലന കേന്ദ്രം മിന്നലാക്രമണത്തിലൂടെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ മസൂദ് അസറിനെ പിന്നീട് സൈന്യം വധിച്ചു.