കേരളം

kerala

ETV Bharat / bharat

കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയുടെ 114-ാം ജന്മവാർഷികം, ഓർമയില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് - ശങ്കരൻ നമ്പൂതിരിപ്പാട്

സ്വാതന്ത്ര്യ സമരകാലത്ത് മൂന്ന് വർഷം ജയില്‍ ജീവിതവും ആറ് വർഷം ഒളിവു ജീവിതവും നയിച്ച ഇഎംഎസ് സ്വന്തം എഴുത്തുകളിലൂടെ ഇന്ത്യൻ സമൂഹത്തിൽ മാർക്സിസം-ലെനിനിസം എങ്ങനെ പ്രായോഗികമാക്കാം, ഇന്ത്യയില്‍ വിപ്ലവം എങ്ങനെ സാധ്യമാക്കാം എന്നി വിഷയങ്ങളില്‍ മികച്ച സംഭാവനകൾ നൽകി.

EMS Namboodiripad The First Chief Minister of Kerala 114th Birth Anniversary
കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി

By

Published : Jun 13, 2023, 1:36 PM IST

സ്വാതന്ത്ര്യസമര സേനാനി, കോൺഗ്രസ്-സോഷ്യലിസ്റ്റ് നേതാവ്, കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രി, സിപിഎം സ്ഥാപക നേതാക്കളില്‍ പ്രധാനി, ചരിത്രകാരൻ, പ്രഭാഷകൻ, എഴുത്തുകാരൻ... ഇഎംഎസ് എന്ന മൂന്നക്ഷരം കൊണ്ട് കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ഏലംകുളം മനയില്‍ ശങ്കരൻ നമ്പൂതിരിപ്പാടിന്‍റെ 114-ാം ജന്മവാർഷികമാണ് ജൂൺ 13. ജന്മം കൊണ്ട് ബ്രാഹ്മണനും ജീവിതം കൊണ്ട് കമ്മ്യൂണിസ്റ്റുമായ ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് സ്വന്തം സമുദായത്തിലെ ഉച്ചനീചത്വങ്ങൾക്ക് എതിരെ പരസ്യമായി പ്രതികരിച്ചും പ്രതിഷേധിച്ചുമാണ് കേരളത്തിന്‍റെ സാമൂഹിക -രാഷ്ട്രീയ പരിഷ്‌കരണ പ്രക്രിയയുടെ നേതൃ സ്ഥാനത്തേക്ക് എത്തിയത്.

കോൺഗ്രസും സോഷ്യലിസ്റ്റും: ഇന്നത്തെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് അടുത്ത് ഏലംകുളം മനയില്‍ 1909 ജൂൺ 13നാണ് ഇഎംഎസിന്‍റെ ജനനം. സമ്പന്ന നമ്പൂതിരി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഇഎംഎസ് വളരെ ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും മലയാളത്തിലും അവഗാഹം നേടി. സ്‌കൂൾ പഠന കാലത്ത് യോഗക്ഷേമ സഭയിലും കോളജ് പഠന കാലത്ത് ഇന്ത്യൻ നാഷണല്‍ കോൺഗ്രസിലും ആകൃഷ്‌ടനായ ശങ്കരൻ നമ്പൂതിരിപ്പാട് മഹാത്മ ഗാന്ധിയുടെ നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ഉപ്പ് സത്യഗ്രഹത്തിന്‍റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

ഇഎംഎസ് നമ്പൂതിരിപ്പാട് ആദ്യ കാല ചിത്രം

1931ല്‍ കോളജ് പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ഭാഗമായ ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് വളരെ വേഗം സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി. ജയിലിലും തുടർന്നുള്ള യാത്രകളിലുമാണ് കമ്മ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് നേതാക്കൻമാരുമായി ഇഎംഎസ് രാഷ്ട്രീയ സൗഹൃദം സ്ഥാപിക്കുകയും ചെയ്തത്. അവിടെ നിന്ന് വളരെ വേഗം, ശങ്കരൻ നമ്പൂതിരിപ്പാട് 1934ല്‍ കോൺഗ്രസ് -സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃ സ്ഥാനത്തേക്ക് എത്തുകയും ചെയ്‌തു.

കമ്മ്യൂണിസ്റ്റായി രാഷ്ട്രീയത്തിലേക്ക്: 1936ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പ് സ്ഥാപിക്കുമ്പോൾ ഇഎംഎസ് മുൻനിരയിലുണ്ടായിരുന്നു. തുടർന്ന് ഇഎംഎസ് നേതൃത്വം നല്‍കിയ സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡൽ വിരുദ്ധ പോരാട്ടങ്ങൾ, കേരളത്തില്‍ ശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന് അടിത്തറയിട്ടു. ഏകീകൃത ഭാഷ സംസ്ഥാനമായി കേരളം രൂപീകരിക്കുന്നതിലേക്ക് നയിച്ച ഐക്യകേരളത്തിന്റെ പ്രധാന വക്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ സ്റ്റാമ്പ്

1939ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് ആദ്യമായി മദ്രാസ് പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്വന്തം ഭൂസ്വത്തുക്കൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭാവന ചെയ്ത ഇഎംഎസ് 1941-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1950 ഡിസംബറിൽ സിപിഐയുടെ പൊളിറ്റ് ബ്യൂറോയിലും പിന്നീട് അതിന്റെ ദേശീയ സെക്രട്ടേറിയറ്റിലും അംഗമായി.

ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ: 1957ല്‍ കേരളത്തില്‍ ആദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരില്‍ മുഖ്യമന്ത്രിയായ ഏലംകുളം മനയ്ക്കല്‍ ശങ്കരൻ നമ്പൂതിരിപ്പാട് ചരിത്രത്തിലേക്കും നടന്നുകയറി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന നിലയില്‍ ലോക പ്രശസ്തിയിലേക്കും ഇഎംഎസ് എത്തിയിരുന്നു. കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കാൻ ശ്രമം തുടങ്ങിയ ഇഎംഎസ് സർക്കാർ ഇന്ത്യയുടെ ശ്രദ്ധ വീണ്ടും കേരളത്തിലെത്തിച്ചു.

ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ പുസ്‌തകം

നിർണായകമായ നിരവധി ഭരണ തീരുമാനങ്ങൾ എടുത്ത ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന് എതിരെ വലിയ പ്രതിഷേധം പ്രതിപക്ഷത്ത് നിന്നുണ്ടായി. അതിനെ തുടർന്നുണ്ടായ വിമോചന സമരത്തിന്‍റെ പശ്‌ചാത്തലത്തില്‍ രണ്ട് വർഷം മാത്രം ഭരിച്ച ഇഎംഎസ് സർക്കാരിനെ 1959ല്‍ കേന്ദ്ര സർക്കാർ പിരിച്ചു വിട്ടു, ശേഷം കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതും ചരിത്രത്തിന്‍റെ ഭാഗം. 1960ല്‍ പ്രതിപക്ഷ നേതാവായി നിയമസഭയിലെത്തിയ ഇഎംഎസ് 1967ല്‍ വീണ്ടും മത്സരിച്ച് ജയിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. എന്നാല്‍ സഖ്യ സർക്കാരിലെ തർക്കങ്ങളെ തുടർന്ന് കാലാവധി തികയ്ക്കാനാകാതെ 1969ല്‍ രാജിവെയ്‌ക്കേണ്ടി വന്നു.

പിളർന്ന് പാർട്ടിയും: 1964ല്‍ അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങളെ തുടർന്നുള്ള തർക്കവും വിഭാഗീയതയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ രൂക്ഷമായി. അങ്ങനെ ഇന്ത്യയിലെ കമ്മ്യൂണിസ്്റ്റ് പാർട്ടി പിളർന്ന് സിപിഐയും (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), സിപിഎമ്മും (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്‌സിസ്റ്റ്) രൂപീകൃതമായി. ഇഎംഎസ് സിപിഎമ്മിന്‍റെ പൊളിറ്റ് ബ്യൂറോ അംഗവുമായി. മരണം വരെ ഇഎംഎസ് ആ സ്ഥാനത്ത് തുടർന്നു. 1977ല്‍ ഇഎംഎസ് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി.

പഴയ ചിത്രം

1992ല്‍ അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞത്. അതിനൊപ്പം സജീവ രാഷ്ട്രീയം വിട്ടൊഴിഞ്ഞ ഇഎംഎസ് വായനയും എഴുത്തും പ്രഭാഷണവുമായി ഇന്ത്യയുടെ സാമൂഹിക മണ്ഡലത്തില്‍ സജീവമാകുകയും ചെയ്‌തു. 1998 മാർച്ച് 19ന് എൺപത്തിയൊൻപതാം വയസില്‍, മരണം വരെ സ്വന്തം പാർട്ടിയുടെ നിലപാടുകൾ വിശദീകരിക്കുന്നതിനും പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നല്‍കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു ഇഎംഎസ് എന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ എന്നതും ശ്രദ്ധേയമാണ്.

'കേരളം -മലയാളിയുടെ മാതൃഭൂമി': സ്വാതന്ത്ര്യ സമരകാലത്ത് മൂന്ന് വർഷം ജയില്‍ ജീവിതവും ആറ് വർഷം ഒളിവു ജീവിതവും നയിച്ച ഇഎംഎസ് സ്വന്തം എഴുത്തുകളിലൂടെ ഇന്ത്യൻ സമൂഹത്തിൽ മാർക്സിസം-ലെനിനിസം എങ്ങനെ പ്രായോഗികമാക്കാം, ഇന്ത്യയില്‍ വിപ്ലവം എങ്ങനെ സാധ്യമാക്കാം എന്നി വിഷയങ്ങളില്‍ മികച്ച സംഭാവനകൾ നൽകി. ഭൂബന്ധങ്ങൾ, കേരളം, സമൂഹം, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകളും മാർക്സിസ്റ്റ് തത്ത്വചിന്ത, സാഹിത്യം, ചരിത്രം എന്നിവയെക്കുറിച്ചുള്ള രചനകളും - രാജ്യത്തെയും ലോകത്തെയും ഏറ്റവും സ്വാധീനിച്ച കമ്മ്യൂണിസ്റ്റ് ചിന്തകരിൽ ഒരാളായി അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു. നൂറിലധികം പുസ്‌തകങ്ങൾ ഇഎംഎസ് എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുസത്‌കത്തിന്‍റെ കവർ ചിത്രം
ആത്മകഥ കവർ

വായനയുടെ ആഴങ്ങളില്‍, കേരളം- മലയാളിയുടെ മാതൃഭൂമി, അർത്ഥ ശാസ്ത്രം, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം, കേരള ചരിത്രവും സംസ്‌കാരവും - ഒരു മാർക്‌സിസ്റ്റ് വീക്ഷണം, കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ തുടങ്ങി രാഷ്ട്രീയ വിദ്യാർഥികൾക്കും കേരള സമൂഹത്തിനും വായിച്ചറിയാൻ കൂടിയായിരുന്നു ഇഎംഎസ് എഴുതി വെച്ചതൊക്കെയും. ഇംഗ്ലീഷില്‍ 1943 മുതല്‍ 1994 വരെ എഴുതി പ്രസിദ്ധീകരിച്ച 19-ഓളം പുസ്‌തകങ്ങളും ഏറെ ശ്രദ്ധേയമാണ്. ഇതിനൊക്കെ പുറമേ പ്രസിദ്ധീകരിച്ച ലേഖനങ്ങളും നിരവധിയാണ്. അതേ ഇഎംഎസിനെ കുറിച്ച് ഒന്നിലധികം ജീവചരിത്രങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്.

ABOUT THE AUTHOR

...view details