ന്യൂഡല്‍ഹി: രാജ്യത്ത് ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പ്രതിരോധം ഉറപ്പാക്കാന്‍ തൊഴിലുടമകള്‍. സ്വകാര്യ സ്ഥാപനം നടത്തിയ ട്രെന്‍ഡ്‌സ് ഇന്ത്യ സര്‍വേയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 150ല്‍ അധികം സ്ഥാപനങ്ങള്‍ വാക്‌സിന്‍ വിതരണം ഈ മാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 60 ശതമാനം കമ്പനികളും ജീവനക്കാരെ തിരിച്ചുവിളിക്കുമ്പോള്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ്. തീരുമാനം നടപ്പാകുമ്പോള്‍ നിലവില്‍ വര്‍ക്ക് ഫ്രം ഹോമില്‍ തുടരുന്നവര്‍ക്കടക്കം ബാധകമാകും.
50 ശതമാനത്തില്‍ അധികം കമ്പനികളും ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി 80 ശതമാനം തൊഴിലുടമകളും ആശുപത്രികളുടെയോ ക്ലിനിക്കുകളുടെയോ സഹായം തേടും. 21 ശതമാനം സ്ഥാപനങ്ങള്‍ ഓഫീസില്‍ വെച്ചും 10 ശതമാനം തൊഴിലുടമകള്‍ ജീവനക്കാരുടെ വീടുകളിലെത്തിയും വാക്‌സിന്‍ വിതരണം ചെയ്യാനാണ് ഒരുങ്ങുന്നത്.
ഇവരില്‍ 97 ശതമാനവും വാക്‌സിനേഷനുള്ള ചെലവ് പൂര്‍ണമായോ ഭാഗികമായോ ഏറ്റെടുക്കും. 78 ശതമാനം ജീവനക്കാരുടെ പങ്കാളികള്‍ക്കും 74 ശതമാനം അവരുടെ കുട്ടികള്‍ക്കും 59 ശതമാനം തൊഴിലാളികളുടെ രക്ഷിതാക്കള്‍ക്കും വാക്‌നേഷന്‍ നല്‍കാന്‍ സന്നദ്ധരാണ്.