ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന്‍റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രമുഖ നേതാക്കാൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂഭേന്ദ്ര പട്ടേൽ തുടങ്ങി നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
'പ്രധാനമന്ത്രിയുടെ മാതാവിന്‍റെ വിയോഗത്തിൽ അതിയായ ദുഖമുണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തെ സുഹൃത്തും അധ്യാപികയുമാണ് അമ്മ. അമ്മയെ നഷ്‌ടപ്പെടുന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്' എന്നാണ് അമിത് ഷാ ട്വീറ്റിൽ കുറിച്ചത്. 'പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ അമ്മ ഹീരാ ബായുടെ വിയോഗത്തിൽ ദുഃഖമുണ്ട്. അമ്മയുടെ മരണം ഒരാളുടെ ജീവിതത്തിലെ നികത്താൻ കഴിയാത്ത വിടവാണ്. പ്രധാനമന്ത്രിക്കും കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുന്നു' എന്നാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ട്വീറ്റ് ചെയ്‌തത്.
കഠിനാധ്വാനം, ലാളിത്യം, സ്നേഹം തുടങ്ങിയ മൂല്യങ്ങളുടെ പ്രതിരൂപമാണ് ഹീരാബൻ. സർവേശ്വരൻ അമ്മയുടെ ആത്മാവിന് ശാന്തി നൽകട്ടെ എന്ന് പ്രാർഥിക്കുന്നു എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂഭേന്ദ്ര പട്ടേൽ അനുശോചനം രേഖപ്പെടുത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹീരാബെൻ മോദിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. 'ഒരു മകനെ സംബന്ധിച്ചിടത്തോളം അമ്മയാണ് ലോകം. അമ്മയുടെ മരണം ഒരു മകന് നികത്താനാവാത്ത നഷ്‌ടമാണ്' എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
നരേന്ദ്ര മോദിയെ പോലൊരു നേതാവിനെ രാജ്യത്തിന് നൽകിയ അമ്മയാണ് യാത്രയായത്. എന്നാണ് നിയമ മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്‌തത്. മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. 'അമ്മയും മകനും തമ്മിലുള്ള ബന്ധത്തേക്കാൾ മനോഹരമായ മറ്റൊന്നില്ല. അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നാണ് വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്‌തത്.