ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി നടത്തിയ വെബിനാറിനിടെയാണ് രാഹുലിന്‍റെ പരാമര്‍ശം. 'അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതും ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു ഘട്ടത്തിലും ഇന്ത്യയുടെ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ ഘടന അതിന് അനുവദിക്കുന്നില്ല. ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല'-പ്രഫ. കൗശിക് ബസുവുമായുള്ള ആശയവിനിമയത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.
അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി നടത്തിയ വെബിനാറിനിടെയാണ് രാഹുലിന്‍റെ പരാമര്‍ശം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ആര്‍എസ്എസിന്‍റെ വ്യവസ്ഥാപിത നുഴഞ്ഞുകയറ്റമാണ് നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ആര്‍എസ്എസിന്‍റെ വ്യവസ്ഥാപിത നുഴഞ്ഞുകയറ്റമാണ് നടക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിന്‍റെ കഴുത്തറുത്ത് ആര്‍എസ്എസ് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.'ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങളില്‍ തങ്ങളുടെ അനുയായികളെ നിറയ്ക്കുകയാണ്. ഒരു രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന, സ്ഥാപനപരമായ സന്തുലിതാവസ്ഥ ഉള്ളതിനാലാണ് ആധുനിക ജനാധിപത്യ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ സ്വാതന്ത്ര്യം ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയാണ്. എല്ലാ ഇന്ത്യന്‍ സ്ഥാപനങ്ങളിലും നുഴഞ്ഞുകയറുകയാണ് ആര്‍എസ്എസ്. ആക്രമിക്കപ്പെടാത്ത ഒരൊറ്റ കാര്യവുമില്ല. ഇത് ആസൂത്രിതമായി നടക്കുന്നതാണ്. ജനാധിപത്യം ഇല്ലാതാവുകയാണെന്ന് ഞാന്‍ പറയില്ല, കഴുത്തു ഞെരിച്ച് കൊല്ലുകയാണെന്ന് ഞാന്‍ പറയുമെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പ് വേണമെന്ന് അഭിപ്രായപ്പെടുന്ന ഒന്നാമന്‍ താനാണെന്നും ഈ ചോദ്യം മറ്റു രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റി പറഞ്ഞു കേള്‍ക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി, ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി എന്നിവയില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ആരും ചോദിച്ചില്ല. "പക്ഷേ അവർ കോൺഗ്രസിനെക്കുറിച്ച് ചോദിക്കുന്നു, കാരണം ഒരു കാരണമുണ്ട്. ഞങ്ങൾ ഒരു പ്രത്യയശാസ്ത്ര പാർട്ടിയാണ്, ഞങ്ങളുടെ പ്രത്യയശാസ്ത്രം ഭരണഘടനയുടെ പ്രത്യയശാസ്ത്രമാണ്, അതിനാൽ ഞങ്ങൾക്ക് ജനാധിപത്യപരമായിരിക്കേണ്ടത് പ്രധാനമാണ്," രാഹുൽ ഗാന്ധി പറഞ്ഞു. യുവജനസംഘടനകളിലും തെരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവച്ചു. അതിന്‍റെ പേരില്‍ നിരവധി തവണ വേട്ടയാടി. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയെന്നും രാഹുല്‍ പറഞ്ഞു.