ഹൈദരാബാദ് : നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വേളയില്‍ ബീപ് ശബ്‌ദത്തോടുകൂടിയ ഫ്ലാഷ് മെസേജുകളോ എമര്‍ജന്‍സി അലര്‍ട്ട് മെസേജുകളോ (Emergency Alert Messages on Mobile phone) ലഭിച്ചിരുന്നോ? സന്ദേശം കണ്ട് പരിഭ്രാന്തരാകേണ്ടതില്ല. കാരണം, രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അയക്കുന്ന എമര്‍ജന്‍സി അലര്‍ട്ട് സന്ദേശമാണിത് (Emergency Alert On Mobile Phone). അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കുക, പൊതുജന സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഇത്തരമൊരു പരീക്ഷണം.
കേന്ദ്രത്തിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (Telecommunication Department) സെല്‍ ബ്രോഡ്‌കാസ്റ്റിങ് സിസ്റ്റം വഴിയാണ് ഈ സാമ്പിള്‍ ടെസ്റ്റിങ് സന്ദേശം അയച്ചത്. മിക്ക ആന്‍ഡ്രോയ്‌ഡ് ഫോണുകളിലും ബീപ് സൗണ്ട്, സ്‌ക്രീന്‍ ഫ്ലാഷ് തുടങ്ങിയ രീതിയിലാണ് സന്ദേശങ്ങള്‍ ലഭിച്ചത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവിഷ്‌കരിച്ച പാന്‍ ഇന്ത്യ എമര്‍ജന്‍സി അലര്‍ട്ട് സിസ്റ്റത്തിന്‍റെ ഭാഗമായിട്ടാണ് ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ ലഭിച്ചിരിക്കുന്ന സന്ദേശങ്ങള്‍ (National Disaster Management Authority Emergency Alert). പരീക്ഷണാടിസ്ഥാനത്തിലുള്ള സന്ദേശമാണ് ഇതെന്നും മേല്‍നടപടികള്‍ ആവശ്യമില്ലെന്നും സന്ദേശത്തില്‍ പറയുന്നു.