കട്ടക്ക്: മഹാനദി നദിയിൽ ഒഴുക്കിൽപ്പെട്ട ആനയുടെ രക്ഷാപ്രവർത്തനം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. ഒഡിഷയിലെ പ്രാദേശിക മാധ്യമ സ്ഥാപനത്തിലെ മുതിർന്ന ലേഖകനായ അരിന്ദം ദാസ് ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം മഹാനദി നദിയിലെ ശക്തമായ ഒഴുക്കിൽ ഏഴ് ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ആറ് ആനകൾ കട്ടക്ക് ജില്ലയിലെ അതഗഡിലെ നുവാസനിൽ സുരക്ഷിതമായി എത്തിച്ചേർന്നപ്പോൾ ഒരു ആന മുണ്ടലി പാലത്തിന് സമീപം നദിയിൽ കുടുങ്ങി.
ഒഴുക്കിൽപ്പെട്ട ആനയെ രക്ഷിക്കാനിറങ്ങിയ സംഘത്തിന്‍റെ ബോട്ട് മുങ്ങി; മാധ്യമപ്രവർത്തകന് ദാരുണാന്ത്യം ആനയുടെ രക്ഷാപ്രവർത്തനത്തിന് എത്തിയ ഒഡിഷ ദുരന്ത നിവാരണ സേനയുടെ രക്ഷാദൗത്യത്തിനുള്ള ബോട്ടിൽ അരിന്ദം ദാസും ഒരു ക്യാമറാമാനും ഉണ്ടായിരുന്നു. രക്ഷാദൗത്യത്തിനിടെ ഒഴുക്കിൽപ്പെട്ട് ബോട്ടിന്‍റെ നിയന്ത്രണം തെറ്റി മറിഞ്ഞു.
രക്ഷാസേനയിലെ ഒരംഗത്തെ വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ കാണാതായി. മറ്റുള്ളവരുടെ നില ഗുരുതരമാണ്. ആനകൾ നദിയിൽ ഒലിച്ചുപോകുന്നത് കണ്ട നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനത്തിന് സംഘം എത്തിയത്.
Also Read: IPL 2021; തുടക്കം ഗംഭീരമാക്കി ബാംഗ്ലൂർ; ഒടുവിൽ എറിഞ്ഞ് പിടിച്ച് ചെന്നൈ, 157 റണ്‍സ് വിജയ ലക്ഷ്യം