പന്ന (മധ്യപ്രദേശ്): പാപ്പാനെ കൊന്ന് കാട്ടിലേക്ക് ഓടിയ ആനയെ പിടികൂടി ചങ്ങലയ്‌ക്കിട്ട് അധികൃതർ. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിലാണ് സംഭവം. 55 വയസുള്ള റാം ബഹദൂർ എന്ന ആനയെയാണ് തളച്ചിട്ടിരിക്കുന്നത്. ജൂലൈ നാലിനാണ് റാം ബഹദൂർ പാപ്പാനായ ബുധ്‌റാം റൊട്ടിയയെ കുത്തിക്കൊലപ്പെടുത്തിയത്.
ആനയെ പിടികൂടി ചങ്ങലക്കിട്ട് അധികൃതർ പാപ്പാനെ കൊന്ന ശേഷം ആന കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ പിടികൂടി ഹിനൗത ആന ക്യാമ്പിന് സമീപം ചങ്ങലയ്‌ക്കിട്ടത്. ഛത്തീസ്‌ഗഢിലെ വനത്തിൽ വളർന്ന ഈ ആനയെ 1993-ലാണ് പിടികൂടിയത്.
പിടികൂടുന്ന സമയം ആനയുടെ പ്രായം ഏകദേശം 25-26 ആയിരുന്നു. അന്ന് മുതൽ ബുധ്‌റാം ഈ ആനയെ പരിപാലിച്ച് വരികയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആന വത്സലയേയും റാം ബഹാദൂർ രണ്ട് തവണ ആക്രമിച്ചിട്ടുണ്ട്.
കൂടാതെ, പാപ്പാൻമാരെ 150 മുതൽ 200 മീറ്റർ വരെ ഓടിച്ചിട്ടുമുണ്ട് ഈ ആന. മറ്റ് നിരവധി പേരെയും ഈ ആന കൊന്നിട്ടുണ്ട്. പാപ്പാനെ കൊന്ന ശേഷം ആന കൂടുതൽ ആക്രമണകാരിയും അപകടകാരിയുമായെന്ന് ഫീൽഡ് ഡയറക്‌ടർ ഉത്തം കുമാർ ശർമ പറഞ്ഞു.
മുകളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് ആനയുടെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.