ഓസ്‌കര്‍ നേട്ടത്തിനിടയിലും ആരവങ്ങളില്ലാതെ നായിക ബെല്ലി ചെന്നൈ:ഓസ്‌കര്‍ വേദിയില്‍ മികച്ച ഡോക്യുമെന്‍ററിയായി എലിഫന്‍റ് വിസ്‌പറേഴ്‌സ് തിളങ്ങിയപ്പോള്‍ ചിത്രത്തിലെ നായിക ബെല്ലിക്ക് ഇന്നും ഒരു സാധാരണ തിങ്കളാഴ്‌ച മാത്രമായിരുന്നു. ലോകം മുഴുവന്‍ ചിത്രത്തെ വാഴ്‌ത്തിപ്പാടുമ്പോള്‍ തിരക്കുകളോ ആരവങ്ങളോ ഇല്ലാതെ കാട്ടിനകത്ത് തന്നെയായിരുന്നു ബെല്ലി. എന്നാല്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മാണത്തില്‍ രണ്ട് സ്‌ത്രീകള്‍ ഓസ്‌കര്‍ നേടിയതിനെക്കാള്‍ മികച്ച ഒരു പ്രഭാതം ഉണ്ടാകാനിടയില്ലെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍റെ ട്വീറ്റ്.
മുതുമല കാമ്പില്‍ താമസിക്കുന്ന ബെല്ലിയോട് ഓസ്‌കര്‍ സന്തോഷം പങ്കുവച്ചപ്പോള്‍ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. രഘു എന്ന ആനക്കുട്ടിയെ ആദ്യം കാണുമ്പോള്‍ വാല് മുറിഞ്ഞ് ദയനീയാവസ്ഥയിലായിരുന്നെന്നും ഭർത്താവ് ബൊമ്മന്‍റെ പിന്തുണയോടെയാണ് കുഞ്ഞായിരുന്ന അവനെ രക്ഷിച്ചതെന്നും ബെല്ലി ഇടിവിയോട് പ്രതികരിച്ചു. പിന്നീടെത്തിയ ബൊമ്മിയേയും നന്നായി തന്നെ പരിചരിച്ചുവെന്നും പറയുമ്പോള്‍ ബെല്ലിയുടെ കണ്ണുകളില്‍ വല്ലാത്ത തിളക്കം. മൂത്ത് എന്ന ഗോത്ര വിഭാഗത്തില്‍പെട്ട തങ്ങള്‍ അമ്മയില്ലാത്ത ആനക്കുട്ടികളെ തങ്ങളുടെതായി വളര്‍ത്തി എടുക്കാറുണ്ടെന്നും പൂര്‍വികരായുള്ള ഈ പ്രവൃത്തി തങ്ങളുടെ രക്തത്തില്‍ അലിഞ്ഞതാണെന്നും അവര്‍ പറഞ്ഞു.
എലിഫന്‍റ് വിസ്‌പറേഴ്‌സിന്‍റെ പിറവി: സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് സംവിധായിക കാർത്തികി ഒരു ഡോക്യുമെന്‍ററി നിർമിക്കുന്നതിനായി തങ്ങളെ സമീപിച്ചത്. തങ്ങള്‍ ആനകളോട് ഇടപഴകുന്നത്, കുളിപ്പിക്കുന്നത് തുടങ്ങിയവ മാത്രമാണ് കാർത്തികി ചിത്രീകരിച്ചത്. നിലവില്‍ അഭിനന്ദന പ്രവാഹങ്ങളെത്തുമ്പോള്‍ തനിക്ക് മാത്രമല്ല മുതുമല കാമ്പിനും അഭിമാനമാണെന്ന് ബെല്ലി പറഞ്ഞു. ആനകളെ എത്രകണ്ട് വളര്‍ത്തിയാലും ഒരു പ്രായമെത്തുമ്പോള്‍ തങ്ങളില്‍ നിന്ന് പറിച്ച് നടപ്പെടുമെന്ന് ബെല്ലി പറയുന്നു. ആ രംഗം ഒരിക്കലും സഹിക്കാന്‍ കഴിയുന്നതല്ലെന്ന് പറയുമ്പോള്‍ ബെല്ലിയുടെ കണ്‍കോണില്‍ ഒരു തുള്ളി കണ്ണീര്‍ ഒഴുകിയെത്തി. എന്നാല്‍ തങ്ങളിലേക്ക് ഓടിയെത്തുന്ന അടുത്ത ആനക്കുഞ്ഞിനായി വാതില്‍ക്കല്‍ കാത്തിരിപ്പ് തുടരുമെന്ന് പറഞ്ഞ് ബെല്ലി കണ്ണീര്‍ തുടച്ചുകൊണ്ട് ഒരിക്കല്‍കൂടി പുഞ്ചിരിച്ചു. ഭര്‍ത്താവ് എവിടെ എന്ന ചോദ്യത്തിന് സേലത്ത് പരിക്കേറ്റ ആനയെ രക്ഷിക്കാനായി പോയിരിക്കുകയാണ് എന്ന ഉത്തരവും.
മാതൃത്വത്തിന് ലഭിച്ച ഓസ്‌കര്‍:രണ്ട് കുട്ടിയാനകളും അവരുടെ സംരക്ഷണം ഏറ്റെടുത്തവരും തമ്മിലുള്ള ഉദാത്തമായ ബന്ധം വരച്ചിടുകയായിരുന്നു എലിഫന്‍റ് വിസ്‌പറേഴ്‌സ്. കൂട്ടം തെറ്റി അമ്മയില്‍ നിന്നുപോലും വേര്‍പെട്ട് രണ്ട് ആനക്കുട്ടികള്‍ വനം വകുപ്പിന്‍റെ കൈയില്‍ എത്തിച്ചേരുന്നു. വലിയ ആനകളെക്കാള്‍ മെരുക്കാന്‍ ബുദ്ധിമുട്ടുള്ള ഇവയുടെ സംരക്ഷണം ഒരു ചോദ്യചിഹ്നമായി മാറുന്നു. അമ്മയില്‍ നിന്നും വേര്‍പെട്ട അവയെ കാഴ്‌ചയില്‍ വലുതാണെങ്കിലും വാത്സല്യം പരിഗണിച്ചാണ് ബെല്ലി ഏറ്റെടുക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് നഷ്‌ടപ്പെട്ട ബെല്ലി അങ്ങനെ ആ ആനക്കുട്ടികള്‍ക്ക് പോറ്റമ്മയാവുന്നു.
ബെല്ലി ആദ്യമായി പോറ്റമ്മയാവുന്നത് സത്യമംഗലം വനത്തില്‍ നിന്നെത്തിയ രഘു എന്ന കുട്ടിയാനയ്‌ക്കാണ്. ബെല്ലിക്ക് ചുറ്റും ഒരു കുട്ടിയെ പോലെ ഓടി നടക്കുന്ന രഘുവിനെ ചിത്രം ഭംഗിയായി കാണിക്കുന്നുണ്ട്. തുടര്‍ന്നെത്തുന്ന ബൊമ്മി എന്ന ആനക്കുട്ടിയ്‌ക്കും ബെല്ലി മാതൃവാത്സല്യം പങ്കിടുന്നുണ്ട്. ഈ സമയം ഭാര്യ നഷ്‌ടപ്പെട്ട പൊമ്മന്‍ എന്നയാളും ആനക്കുട്ടികളെ വളര്‍ത്തുന്നതില്‍ ബെല്ലിക്ക് സഹായിയാകുന്നു. അങ്ങനെ കൂട്ടം തെറ്റിയെത്തിയ ആ ആനക്കുട്ടികള്‍ക്ക് ഇരുവരും അമ്മയും അച്ഛനുമാകുന്ന അതിവൈകാരികമായ ആശയത്തെ സ്‌ക്രീനിലെത്തിച്ചതിലൂടെയാണ് 'എലിഫന്‍റ് വിസ്‌പറേഴ്‌സ്' പ്രേക്ഷഹൃദയങ്ങളും അതുവഴി ഓസ്‌കറും സ്വന്തമാക്കുന്നത്.