മൈസൂരു :നാഗർഹോള കടുവ സങ്കേതത്തിൽ നീളമേറിയ കൊമ്പുകളുമായി സഞ്ചാരികളെ ആകർഷിച്ച കാട്ടാന ഭോഗേശ്വർ ചെരിഞ്ഞു. ബന്ദിപ്പൂർ-നാഗർഹോള റിസർവ് ഫോറസ്റ്റിലെ കബനി റിസർവോയറിന് സമീപമാണ് ഭോഗേശ്വറിനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 75 വയസാണ് കണക്കാക്കുന്നത്.
നീളൻ കൊമ്പൻ ചെരിഞ്ഞു ; സഞ്ചാരികളുടെ പ്രിയങ്കരൻ ഭോഗേശ്വർ ഇനി ഓർമ ഏഷ്യയിലെ ഏറ്റവും വലിയ കൊമ്പുള്ള ആനയാണ് ഭോഗേശ്വർ. ശരീരത്തില്‍ പരിക്കുകള്‍ ഇല്ലാത്തതിനാൽ, പ്രായം ഏറിയത് മൂലമുള്ള മരണം ആണെന്നാണ് വനംവകുപ്പ് വിലയിരുത്തൽ. കൂടുതൽ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ മൈസൂരിലെ റീജ്യണല്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം ഭോഗേശ്വറിന്‍റെ ഓർമകള്‍ പങ്കുവച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങളും ചിത്രങ്ങളും പോസ്‌റ്റ് ചെയ്യുന്നത്.
വിനോദസഞ്ചാരികൾക്ക് പ്രിയങ്കരൻ : നാഗർഹോള കടുവ സങ്കേതത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു ഭോഗേശ്വർ. കബനിയുടെ ശക്തിമാൻ എന്നാണ് കൊമ്പൻ അറിയപ്പെട്ടിരുന്നത്. സങ്കേതത്തിൽ വലിയ കൊമ്പുള്ള നിരവധി ആനകള്‍ ഉണ്ടെങ്കിലും കൊമ്പുകള്‍ നിലത്ത് മുട്ടും എന്നതായിരുന്നു ഭോഗേശ്വറിന്‍റെ പ്രത്യേകത.
വനംവകുപ്പിന്‍റെ കണക്കനുസരിച്ച് ഭോഗേശ്വറിന്‍റെ ഒരു കൊമ്പിന് 2.54 മീറ്ററും രണ്ടാമത്തെ കൊമ്പിന് 2.35 മീറ്ററുമാണ് നീളം. 0.38 മീറ്റർ വീതിയാണ് രണ്ട് കൊമ്പുകള്‍ക്കുമുള്ളത്.
കൊമ്പുകൾ മ്യൂസിയത്തിലേക്ക് ? :ചെരിയുന്ന ആനകളുടെ കൊമ്പുകള്‍ വനം വകുപ്പ് സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ വലിപ്പമേറിയ കൊമ്പുകളായതിനാൽ ഭോഗേശ്വറിന്‍റേത് മ്യൂസിയത്തിൽ സൂക്ഷിക്കണമെന്നാണ് ആനപ്രേമികള്‍ അവശ്യപ്പെടുന്നത്. ആനകളുടെ സംരക്ഷണത്തിന്‍റെ പ്രതീകമായി ഭോഗേശ്വരനെ മാറ്റാനുള്ള ആലോചനയിലാണ് വനംവകുപ്പ്. പ്രദർശന കേന്ദ്രത്തിൽ ആനക്കൊമ്പുകൾ സൂക്ഷിക്കാൻ അനുമതി വാങ്ങുന്ന തീരുമാനവും വനംവകുപ്പിന്‍റെ പരിഗണനയിലാണ്.