ബെംഗളൂരു : കർണാടകയിൽ ആനയുടെ ആക്രമണത്തിൽ (Elephant Attack) വനംവകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം (Forest department personnel Death). ഹാസന്‍ ജില്ലയിലെ സകലേഷ്‌പൂർ മേഖലയിലാണ് സംഭവം നടന്നത്. ആനെ വെങ്കിടേഷ് (Aane Venkatesh) എന്നറിയപ്പെടുന്ന വെങ്കടേഷ് എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ആനയുമായി ബന്ധപ്പെട്ട ഓപ്പറേഷനുകളിലെ ട്രാൻക്വിലൈസർ ഡാർട്ടുകൾ വെടിവയ്ക്കുന്നതിൽ (Firing tranquilizer darts in elephant operations) വൈദഗ്‌ദ്യം നേടിയ വ്യക്തിയാണ് വെങ്കടേഷ്.
വ്യാഴാഴ്‌ചയായിരുന്നു(31.08.2023) സംഭവം. ഭീമ എന്ന ആനയെ (Elephant Bhima) പിടികൂടുന്ന സംഘത്തിലുണ്ടായിരുന്ന വെങ്കടേഷ് ആനയുടെ നേരെ ട്രാൻക്വിലൈസർ ഡാർട്ട് പ്രയോഗിച്ചു. ഇതിന് പിന്നാലെ ആന തിരിഞ്ഞ് ഓടുകയും രക്ഷപ്പെടാൻ ശ്രമിച്ച വെങ്കടേഷിനെ ചവിട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ഹാസൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
നാല് ദിവസം മുൻപ് മറ്റൊരു ആനയുമായി കൊമ്പുകോർത്തതിന് പിന്നാലെ ഭീമൻ എന്ന ആനയ്‌ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പരിക്കേറ്റ ആനയെ ചികിത്സിക്കാൻ സർക്കാരിൽ നിന്നും വനം വകുപ്പ് അനുമതി വാങ്ങിയിരുന്നു. വ്യാഴാഴ്‌ചയാണ് ആനയെ പിടികൂടാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ മരണപ്പെട്ടത്.
ആലൂർ താലൂക്കിലെ ഹൊന്നവല്ലിയെ താമസക്കാരനാണ് മരണപ്പെട്ട വെങ്കടേഷ്. 1987ൽ വനംവകുപ്പിൽ കരാറടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ച വെങ്കടേഷ് 40ലധികം കാട്ടാനകളെ പിടികൂടുന്ന ദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്.