നിസാമാബാദ്: തെലങ്കാനയിൽ ബാറ്ററി ചാർജുചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് ഒരു മരണം. നിസാമാബാദിലെ സുഭാഷ് നഗറിലുണ്ടായ സംഭവത്തിൽ രാമസ്വാമി (80) ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ചൊവ്വാഴ്‌ച (ഏപ്രിൽ 19) രാത്രിയോടെയായിരുന്നു സംഭവം. ഒന്നര വർഷമായി കുടുംബം ഈ ഇലക്‌ട്രിക് ബൈക്കാണ് ഉപയോഗിക്കുന്നത്. പതിവുപോലെ ചാർജ് ചെയ്യുന്നതിനായി പ്ലഗ് ഇൻ ചെയ്‌തതിന് ശേഷം എല്ലാവരും ഉറങ്ങുകയായിരുന്നു.
ചാർജുചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് ഒരു മരണം ; 3 പേർക്ക് പരിക്ക് ഇതിനിടെയാണ് ബൈക്കിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രാമസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ കമലമ്മയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
രാമസ്വാമിയുടെ മരുമകളും ചെറുമകനുമാണ് പരിക്കേറ്റ മറ്റ് രണ്ടുപേർ. അതേസമയം അപകടത്തിൽ മകൻ പ്രകാശ് മാത്രമാണ് പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടതെന്നും പൊലീസ് കൂട്ടിച്ചേർത്തു.